ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിരാശയിലായ യുവതി ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നെന്ന് ഷാര്‍ജ പൊലീസിന് ഇ-മെയില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. 

ഷാര്‍ജ: വിപഞ്ചികയുടെ അതുല്യയുടെയും മരണത്തിന്‍റെ നോവുണങ്ങും മുമ്പ് ഷാര്‍ജയില്‍ മറ്റൊരു മലയാളി യുവതിയും ആത്മഹത്യക്ക് ഒരുങ്ങിയതായി വെളിപ്പെടുത്തല്‍. അധികൃതരുടെ സമയോചിത ഇടപെടലില്‍ ഈ യുവതിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനായി എന്നത് ആശ്വാസകരമാണ്. ഷാര്‍ജ പൊലീസിന്‍റെയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെയും ദ്രുതഗതിയിലുള്ള ഇടപെടലുകളാണ് മലയാളി അധ്യാപികയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഓഗസ്റ്റ് രണ്ടിന് തുടക്കമിട്ട റൈസ് (RISE) എന്ന കുടുംബ തര്‍ക്ക പരിഹാര പദ്ധതിയുടെ ഭാഗമായാണ് അസോസിയേഷന്‍ ഈ കേസ് ഏറ്റെടുത്തത്. മലയാളികളായ വിപഞ്ചികയുടെയും അതുല്യയുടെയും മരണം ഏൽപ്പിച്ച ആഘാതമാണ് ഈ ആശയത്തിന് കാരണമായത്. ഷാര്‍ജ പൊലീസിന്‍റെ കമ്മ്യൂണിറ്റി പ്രിവന്‍റീവ് ആന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പ്, ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.

ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നതായി മലയാളി അധ്യാപിക ഷാര്‍ജ പൊലീസിന് ഇ മെയില്‍ അയയ്ക്കുകയായിരുന്നെന്ന് ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മറ്റി അംഗവും റൈസ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളുമായ യൗസേഫ് സഖീര്‍ ‘ഗള്‍ഫ് ന്യൂസി’നോട് പറഞ്ഞു. ആത്മഹത്യാ ചിന്ത ഉള്ളതായും ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നു എന്ന രീതിയിലുമാണ് യുവതി ഷാര്‍ജ പൊലീസിന് ഇ മെയില്‍ അയച്ചത്. അതുല്യയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞാണ് ഈ ഇമെയില്‍ സന്ദേശം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് കേസ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കൈമാറി.

തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന്‍ യുവതിയെയും ഭര്‍ത്താവിനെയും വിളിപ്പിച്ചു. വളരെ നിരാശയിലായിരുന്നു യുവതി. യുവതിയോടും ഭര്‍ത്താവിനോടും തങ്ങള്‍ പ്രത്യേകമായി മണിക്കൂറുകളോളം സംസാരിച്ചതായി യൗസേഫ് പറഞ്ഞു. വൈകാരികമായ ഒറ്റപ്പെടലും വൈവാഹിക ജീവിതത്തിലെ തകര്‍ച്ചയും യുവതിയെ വല്ലാതെ ബാധിച്ചിരുന്നു. ഭര്‍ത്താവ് വിവാഹ മോചനത്തിനായി ഇവരെ നിര്‍ബന്ധിച്ചിരുന്നെങ്കിലും യുവതി ഇതിന് ഒരുക്കമല്ലായിരുന്നു. ഇവരുടെ 22 വയസ്സുള്ള മകന്‍ കേരളത്തിലാണ് താമസിക്കുന്നത്. വിലയേറിയ സമ്മാനങ്ങളും മറ്റും മകന് വാങ്ങി നല്‍കിയിരുന്ന ഭര്‍ത്താവ് മകനെ യുവതിയില്‍ നിന്ന് അകറ്റി താമസിപ്പിച്ചിരുന്നെന്നും ഇതാണ് അവരെ കൂടുതല്‍ ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതിക്ക് താന്‍ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരുന്നു. ജീവനെപ്പോലെ കരുതിയ മകന് താനുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പെടുത്തിയത് അവരെ തളര്‍ത്തി. യുവതിയുടെ അമ്മയ്ക്ക് കാഴ്ചശക്തി ഇല്ലാത്തതാണ്. അച്ഛന്‍ ഒരു അര്‍ബുദരോഗിയാണ്. ജീവിതത്തില്‍ ഇനി ഒരു അര്‍ത്ഥവുമില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യാമെന്നുമാണ് യുവതി കരുതിയിരുന്നത്.

യുവതിയോട് സംസാരിച്ച അസോസിയേഷന്‍ സംഘം അവര്‍ക്ക് മകനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സഹായം നല്‍കാമെന്ന് ഉറപ്പു നൽകി. മകനുമായി വീണ്ടും ഒന്നിക്കാനാകുമെന്നതാണ് യുവതിയില്‍ പ്രതീക്ഷ ഉണ്ടാക്കിയതും അവര്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ കാരണമായതും. തുടര്‍ന്നുള്ള ഫോളോ അപ്പ് സെഷനുകളില്‍ യുവതി സന്തോഷവതിയായിരുന്നെന്ന് യൗസേഫ് കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുമെന്ന് സമ്മതിച്ച യുവതി പക്ഷേ വിവാഹ മോചനം വേണ്ടെന്ന നിലപാടിലായിരുന്നു.

കൃത്യസമയത്തെ മാനസിക പിന്തുണ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിന് ഈ കേസ് ഉദാഹരണമാണെന്ന് യൗസേഫ് പറഞ്ഞു. ഷാര്‍ജയില്‍ പ്രവാസി സമൂഹത്തെ ആകെ ഞെട്ടിച്ച രണ്ട് ആത്മഹത്യകള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സഹായം വേണ്ടവര്‍ക്ക് കൃത്യസമയത്ത് കൗണ്‍സിലിങ്ങും പിന്തുണയും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഈ കൂട്ടായ്മുടെ ലക്ഷ്യം. നിരാശയിലകപ്പെട്ട് സഹായം ആവശ്യമായവര്‍ക്ക് communitysupport@iassharjah.com എന്ന ഇ മെയില്‍ വിലാസത്തിലോ 06-5610845 എന്ന നമ്പരിലോ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കൗൺസിലിങ് സെഷന്‍ ലഭ്യമാണ്.