ദുബൈ: എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകന്‍ ഡോ. ബി.ആര്‍ ഷെട്ടി ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 400 കോടി ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍ സംഭവത്തിലെ പുതിയ വഴിത്തിരിവായി മാറും ഷെട്ടിയുടെ മടക്കം. സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ആര്‍ ഷെട്ടി യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ലോണ്‍ നല്‍കിയ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിലവില്‍ സ്ഥാപനങ്ങളുടെ ആസ്‍തികള്‍ വിറ്റ് ബാങ്കുകളുടെ നഷ്ടം നികത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ സഹോദരന്റെ അസുഖം കാരണമാണ് ഫെബ്രുവരിയില്‍ നാട്ടിലേക്ക് വന്നതെന്ന് ബി.ആര്‍ ഷെട്ടിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ സഹോദരന്‍ മരണപ്പെട്ടു. പിന്നീട് കൊവിഡ് കാരണം അന്താരാഷ്ട്ര യാത്രകള്‍ പ്രതിസന്ധിയിലായത് മാത്രമാണ് പ്രശ്‍നം. എന്‍.എം.സി ഹെല്‍ത്ത്കെയര്‍, ഫിനാബ്ലര്‍, തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചില സ്വകാര്യ കമ്പനികള്‍ എന്നിവയില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ച് താന്‍  ഇന്ത്യയിലായിരുന്ന സമയത്ത് അന്വേഷിച്ചതായും അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകള്‍ നടത്തിയെന്ന് സംശയിക്കപ്പെടുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മുമ്പ് വ്യക്തമാക്കിയിട്ടുള്ളത് പോലെ യുഎഇയിലേക്ക് മടങ്ങിവരാന്‍ താന്‍ തയ്യാറെടുക്കുകയാണ്.  പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് യുഎഇ അധികൃതര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും പിന്തുണ നല്‍കും. അതേസമയം തന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ പണം നഷ്ടമായത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നായിരുന്നു എന്നാണ് ബി.ആര്‍ ഷെട്ടി പറഞ്ഞിരുന്നത്. കമ്പനിയില്‍ സംഭവിച്ചത് എന്താണെന്ന് മനസിലാക്കാന്‍ താന്‍ സ്വകാര്യ അന്വേഷണം നടത്തിയിരുന്നുവെന്നും മുന്‍മാനേജ്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്കാണ് സംശയമുന നീളുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സിഇഒ ആയിരുന്ന പ്രശാന്ത്, ഇയാളുടെ സഹോദരനും, യുഎഇ എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഫിനാബ്ലറിന്റെ സി.ഇ.ഒയുമായിരുന്ന പ്രമോദ് എന്നിവരെയാണ് സംശയിക്കുന്നത്. 

എന്നാല്‍ താന്‍ നാടുവിട്ടതാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബി.ആര്‍ ഷെട്ടി പറയുന്നു. തട്ടിപ്പ് നടന്നത് കമ്പനിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചു. തൊഴിലാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും പണം കിട്ടാനുള്ളവര്‍ക്കുമൊക്കെ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ കൊവിഡ് കാലത്തും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോകാനുള്ള സംവിധാനമൊരുക്കിയതിന് യുഎഇ സര്‍ക്കാറിനോടും ജീവനക്കാരോടും അഡ്മിനിസ്ട്രേറ്റര്‍മാരോടും നന്ദി പറയുന്നു. യുഎഇയിലെ നിയമസംവിധാനത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും തട്ടിപ്പ് നടത്തിയവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഷെട്ടി പറയുന്നു.