മനാമ: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബഹ്റൈൻ ഗ്രാന്റ് പ്രീ കാഴ്ചക്കാരില്ലാത്തെ നടത്താന്‍ തീരുമാനം. സാഖിറിലെ ബഹ്‍റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഈ മാസം 19 മുതല്‍ 22 വരെയാണ് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മുന്‍നിശ്ചയിച്ച തീയ്യതിയില്‍ തന്നെ കാണികളില്ലാതെ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സംഘാടകരായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് അറിയിച്ചു.

ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് ടാസ്‍ക് ഫോഴ്‍സുമായും മത്സരത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായും കൂടിയാലോചിച്ചാണ് തീരുമാനം. രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒരുമിച്ചുകൂടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ടിക്കറ്റ് വില്‍പന നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. മത്സരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും.