മനാമ: ബഹ്റൈനില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ആറു തവണ പീഡിപ്പിച്ച കേസില്‍ 15 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ അപ്പീല്‍ കോടതി തള്ളി. കഴിഞ്ഞ ഡിസംബറിലാണ് പതിനെട്ടുകാരിയെ സിത്രയിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയ 25കാരനായ ബഹ്‌റൈന്‍ സ്വദേശി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ബഹ്‌റൈന്‍ സ്വദേശിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പ്രതി ഷോപ്പിങിന് വിളിച്ചുകൊണ്ടുപോയി. ക്ഷീണിച്ചെന്നും വീട്ടില്‍ പോയി വിശ്രമിക്കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രതിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇയാള്‍ പിന്നീട് കുട്ടിയെ ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വീണ്ടും ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഒരു മാസത്തിനിടെ ആറ് തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു.

എന്നാല്‍ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞതോടെ അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ഹൈ ക്രിമിനല്‍ കോടതി ഇയാളെ 15 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വിധിയില്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍സ് കോടതിയില്‍ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും ഇത് തള്ളി. തുടര്‍ന്ന് ഇയാള്‍ കസഷന്‍ കോടതിയില്‍ നല്‍കിയ അവസാന അപ്പീലും തള്ളുകയായിരുന്നു. പ്രതിയുടെ ജയില്‍ശിക്ഷ കോടതി ശരിവെച്ചതായി 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.