പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
മനാമ: ബഹ്‌റൈന്‍ പ്രതിഭ പ്രഥമ പപ്പന്‍ ചിരന്തന നാടക രചനാ പുരസ്‌കാരം കോഴിക്കോട് സ്വദേശി സതീഷ് കെ സതീഷിന്. അദ്ദേഹം രചിച്ച ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈസ് എന്ന നാടകമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രണ്ടാം സ്ഥാനം എറണാകുളം കാഞ്ഞിര മറ്റം സ്വദേശി ഡോ. ജെബിന്‍ ജെ.ബി (നാടകം: ഛായാചിത്രം / മായാ ചിത്രം). മൂന്നാം സ്ഥാനം ഷമ്മി തോമസിനും (നാടകം: പൊക്കന്‍), നാലാം സ്ഥാനം വിമീഷ് മണിയൂര്‍ (നാടകം: സ്‌പോണ്‍സേഡ് ബൈ) എന്നിവര്‍ക്കും ലഭിച്ചു.
പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കേരള സാംസ്‌ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2021ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 46 നാടകങ്ങള്‍ പുരസ്‌കാര നിര്‍ണയത്തിനായി എത്തി. ഇതില്‍ നിന്നും മികച്ച നാലു നാടകങ്ങളാണ് അവര്‍ഡ് നിര്‍ണയ സമിതി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
എല്ലാ വര്‍ഷവും കേരളപിറവി ദിനമായ നവംബര്‍ ഒന്നാം തിയ്യതിയാണ് 'പപ്പന്‍ ചിരന്തന നാടക രചന അവാര്‍ഡ്' ജേതാവിനെ പ്രഖ്യാപിക്കുക. ചില സാങ്കേതിക കാരണങ്ങളാല്‍ 2022 ജേതാവിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ അന്തരിച്ച പ്രശസ്ത നാടക രചയിതാവ് രാജശേഖരന്‍ ഓണം തുരുത്തിനായിരുന്നു പ്രഥമ പ്രതിഭ നാടക രചന പുരസ്‌കാരം. കഴിഞ്ഞ മുപ്പത്തിയൊമ്പത് വര്‍ഷമായി ബഹ്‌റൈന്‍ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമായ ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ പപ്പന്‍ ചിരന്തന അന്താരാഷ്ട്ര നാടക പുരസ്‌കാരവും രണ്ടാമത് അന്താരാഷ്ട്ര നാടക രചന അവാര്‍ഡുമാണിത്.
Read Also - യാത്രികരേ ഇതിലേ ഇതിലേ...ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം
സംവിധായകനായും നടനായും നിന്ന് ബഹ്‌റൈന്‍ പ്രതിഭയുടെ അനവധി നാടകങ്ങളെ ചുമലിലേറ്റി വിജയിപ്പിച്ച പ്രമുഖ നാടക കലാകാരനായിരുന്നു പപ്പന്‍ ചിരന്തന. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍, നാടക വേദിയുടെ ചാര്‍ജ് ഉള്ള രക്ഷാധികാരി സമിതി അംഗം എന്‍ കെ വീരമണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
