മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്‍ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം ഔദ്യോഗിക അവധി ദിനമാണെങ്കില്‍ പകരമായി ഒരു ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ദിവസത്തെ നമസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഗ്രാന്റ് മോസ്കില്‍ നിന്ന് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യും. ഇമാമും വളരെ കുറച്ച് പേരും മാത്രമായിരിക്കും ഗ്രാന്റ് മോസ്കിലെ നമസ്കാരത്തില്‍ പങ്കെടുക്കുക. രാജ്യത്തെ മറ്റ് പള്ളികളില്‍ നമസ്കാരമുണ്ടാവില്ല.