മനാമ: ബഹ്‌റൈനില്‍ താമസ വിസ പുതുക്കുന്നതിന് ഈ വര്‍ഷാവസാനം വരെ ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍. നിയമാനുസൃതമായി താമസിക്കുന്ന എല്ലാവരുടെയും താമസ വിസ സൗജന്യമായി പുതുക്കി നല്‍കും. തൊഴില്‍ വീസയിലുളളവര്‍ക്ക് 172 ബഹ്‌റൈന്‍ ദിനാറും ആശ്രിത വിസയിലുളളവര്‍ക്ക് 90 ദിനാറുമാണ് സാധാരണ ഈടാക്കാറുളളത്. 

ഫീസ് ഒഴിവാക്കിയത് ഇന്ത്യക്കാരുള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ആശ്വാസമാകും. കാലാവധി കഴിഞ്ഞ സന്ദര്‍ശകവിസ മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടുമെന്നും അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസയുടെ കാലാവധി നീട്ടാനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തി വെച്ചതിനാല്‍ നാട്ടില്‍ പോകാനാവാതെ കഴിയുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. 

കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സന്ദര്‍ശകരെയും വിദേശികളായ താമസക്കാരെയും സഹായിക്കാനാണ് ഈ തീരുമാനമെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്റ് റെസിഡന്റ്‌സ് അഫേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.