കുറഞ്ഞ ദിവസങ്ങളില്‍ ഈ യാചക ലക്ഷാധിപതി ആയത് എന്ന് പോലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഇബ്രഹാം മിസാബ് അല്‍ ആജില്‍ ഒരു പ്രദേശിക മാധ്യമത്തോട് പറഞ്ഞു.

ദുബായ്: ഷാര്‍ജയില്‍ തെരുവില്‍ കണ്ടെത്തിയ യാചകയുടെ ഭാണ്ഡം പരിശോധിച്ച പോലീസ് ഞെട്ടി. ഏതാണ്ട് 2 ലക്ഷം രൂപയ്ക്ക് അടുത്ത് മൂല്യം വരുന്ന യുഎഇ ദിര്‍ഹം ആണ് ഇവരുടെ ഭാണ്ഡത്തില്‍ നിന്നും പോലീസ് കണ്ടെത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഷാര്‍ജയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവിലെ അഞ്ചോളം കടക്കാര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവരെ കണ്ടെങ്കിലും അധികൃതരെ അറിയിച്ചില്ല. ഭിക്ഷാടനം യുഎഇയില്‍ നിരോധിച്ചതാണ്. 

എങ്കിലും തെരുവില്‍ ഭിക്ഷാടനം നടത്തിയാല്‍ നാട്ടുകാര്‍ കരുണ കാണിക്കുമെന്നും അതിനാലാണ് കുറഞ്ഞ ദിവസങ്ങളില്‍ ഈ യാചക ലക്ഷാധിപതി ആയത് എന്ന് പോലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഇബ്രഹാം മിസാബ് അല്‍ ആജില്‍ ഒരു പ്രദേശിക മാധ്യമത്തോട് പറഞ്ഞു.

എന്നാല്‍ തുടര്‍ച്ചയായി ഇവര്‍ കടകളിലും പാര്‍പ്പിട പ്രദേശത്തും ഭിക്ഷ എടുക്കാന്‍ തുടങ്ങിയതോടെ ഒരു നാട്ടുകാരന്‍ എമര്‍ജന്‍സി നമ്പര്‍ 901 ല്‍ വിളിച്ച് പറയുകയായിരുന്നു. ജൂണ്‍ മാസത്തില്‍ മാത്രം ഷാര്‍ജയില്‍ 143 യാചകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ 2017 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2018 ല്‍ ഇതുവരെ 27 ശതമാനം യാചകരെ പിടിച്ച കേസുകള്‍ കുറവാണെന്നാണ് പോലീസ് പറയുന്നത്.