നോർവീജിയൻ വിദേശകാര്യ സർവീസിന്റെ പൊളിറ്റിക്കൽ അഡ്വൈസറായി തെരഞ്ഞെടുക്കപ്പെട്ട് ബിബിൻ സാം തോമസ്. കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് ഈ പുതിയ നിയമനം. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണ്.
കുവൈത്ത്: കുവൈത്തിൽ ജനിച്ചുവളർന്ന് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം പൂർത്തിയാക്കി പാർലമെന്ററി രംഗത്ത് ശ്രദ്ധേയമായ പ്രവർത്തന പരിചയം നേടിയ ബിബിൻ സാം തോമസിന് അന്താരാഷ്ട്ര തലത്തിൽ പുതിയ ഉത്തരവാദിത്വം. നോർവീജിയൻ വിദേശകാര്യ സർവീസിന്റെ ദൗത്യസംഘത്തിൽ ഇന്ത്യ-ഭൂട്ടാൻ-ശ്രീലങ്ക-മാൽദ്വീപ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ അഡ്വൈസറായി ബിബിൻ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് ഈ പുതിയ നിയമനം.
കുവൈത്തിലെ സാമൂഹിക–സാംസ്കാരിക രംഗത്ത് സജീവമായ വയനാട് സ്വദേശി ബാബുജി ബത്തേരിയുടെയും ബീനാ പോളിന്റെയും മകനാണ് ബിബിൻ. അഡ്വ. ബിനിത മരിയ തോമസ്, എൻജിനീയർ ബിജില അന്ന തോമസ് എന്നിവർ സഹോദരിമാരാണ്. പ്രവാസമണ്ണിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് ആരംഭിച്ച് ഉന്നതപഠനം, പാർലമെന്ററി ഫെല്ലോഷിപ്പ്, കേന്ദ്രമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനം എന്നിവയിലൂടെ വളർന്നുവന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന നേട്ടമാണിത്.
കുവൈത്തിൽ വിദ്യാഭ്യാസത്തിന് തുടക്കം; ഇന്ത്യയിൽ ഉന്നതപഠനം
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരുന്നു ബിബിന്റെ പഠനം. തുടർന്ന് എറണാകുളം കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനം പൂർത്തിയാക്കി. ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദം നേടി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് 2020–2022 കാലയളവിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സാമൂഹികശാസ്ത്രത്തിലും രാഷ്ട്രീയശാസ്ത്രത്തിലുമുള്ള അക്കാദമിക അടിത്തറയാണ് പിന്നീട് പാർലമെന്ററി പ്രവർത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് കരുത്തായത്.
പാർലമെന്ററി രംഗത്തുനിന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക്
2023-ൽ പ്രശസ്തമായ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെമ്പേഴ്സ് ഓഫ് പാർലമെന്റ്’ ഫെല്ലോഷിപ്പിന് ബിബിൻ അർഹനായി. ഈ കാലയളവിൽ അന്നത്തെ പ്രതിപക്ഷ എംപിയായിരുന്ന ജയന്ത് സിങ് ചൗധരിയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചു. പാർലമെന്ററി നടപടിക്രമങ്ങൾ, നിയമനിർമാണ പ്രവർത്തനങ്ങൾ, നയരൂപീകരണം എന്നിവയിൽ നേരിട്ട് പ്രവർത്തിക്കാനുള്ള അവസരമാണ് ഫെല്ലോഷിപ്പ് ഒരുക്കിയത്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിനും തൃണമൂൽ കോൺഗ്രസ് എംപിമാർക്കും നയപരമായ ഉപദേശങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട പിന്തുണയും നൽകി പ്രവർത്തിച്ചു. തുടർന്ന് എൻ.ഡി.എ. സർക്കാരിൽ നൈപുണ്യ വികസന–വിദ്യാഭ്യാസ മേഖലകളിൽ ചുമതലയേറ്റ കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറിയായി നിയമിതനായി.
കേന്ദ്രമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനപരിചയവും ദേശീയതലത്തിലെ രാഷ്ട്രീയ–നയരൂപീകരണ രംഗത്തെ അനുഭവസമ്പത്തും കൈമുതലാക്കിയാണ് ഇപ്പോൾ നോർവീജിയൻ വിദേശകാര്യ സർവീസിലെ പുതിയ ദൗത്യത്തിലേക്ക് ബിബിൻ കടക്കുന്നത്.
വ്യക്തിത്വവികസനത്തിന് വഴിതുറന്ന നേതൃ പരിശീലന ക്യാമ്പുകൾ
വിദ്യാഭ്യാസത്തോടൊപ്പം കുവൈത്തിലെ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളിലും ചെറുപ്പം മുതൽ സജീവമായിരുന്നു ബിബിൻ. 'കുവൈത്ത് തനിമ', 2004-ൽ ആരംഭിച്ച ‘വേനൽത്തനിമ’ ക്യാമ്പിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
വിവിധ സ്കൂളുകൾ തമ്മിൽ സംഘടിപ്പിച്ചിരുന്ന മോഡൽ യുണൈറ്റഡ് നേഷൻസ് (MUN) പരിപാടികളിലെ പങ്കാളിത്തവും ഇത്തരം ക്യാമ്പുകളിലെ അനുഭവങ്ങളും തന്റെ വ്യക്തിത്വവികസനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിബിൻ പറയുന്നു. പൊതുവിഷയങ്ങളിലുള്ള അവബോധം, നേതൃത്വപാടവം, ആശയവിനിമയശേഷി, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കാൻ ഈ അനുഭവങ്ങൾ സഹായകമായി.
പൂർവ വിദ്യാർഥിയുടെ നേട്ടത്തിൽ അഭിമാനിച്ച് വിവിധ സ്കൂൾ- കോളേജുകൾ
ബിബിന്റെ പുതിയ നിയമനം സുപ്രധാനമായ പ്രൊഫഷണൽ നേട്ടവും പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന് അഭിമാനകരമായ നിമിഷവുമാണെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അറിയിച്ചു. പുതിയ അന്താരാഷ്ട്ര ഉത്തരവാദിത്വത്തിൽ മികച്ച വിജയം കൈവരിക്കാനും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനും വിഭാഗം ആശംസകൾ നേർന്നു. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളും, എറണാകുളം, കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളും, തങ്ങളുടെ പൂർവ്വ വിദ്യാത്ഥികായിരുന്ന ബിബിൻ സാം തോമസ്സിൻ്റെ നേട്ടത്തിലെ അഭിമാനം തുറന്ന് പറഞ്ഞ് ആശംസകൾ നേർന്നു.
കുവൈത്തിലെ പ്രവാസി മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ–സാംസ്കാരിക അന്തരീക്ഷത്തിൽ വളർന്ന്, ഇന്ത്യയിലെ അക്കാദമിക–പാർലമെന്ററി രംഗങ്ങളിൽ കഴിവ് തെളിയിച്ച് അന്താരാഷ്ട്ര പ്രവർത്തനരംഗത്തേക്ക് ചുവടുവയ്ക്കുന്ന ബിബിൻ സാം തോമസിന്റെ നേട്ടം, കുവൈത്തിലെ മലയാളി സമൂഹത്തിന് അഭിമാനമായും പുതു തലമുറയ്ക്ക് മാതൃകയായും മാറുകയാണ്.






