യുഎഇ ദേശീയ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജിൽ നവംബർ 3 ചൊവ്വാഴ്ച 700 എൽഇഡി ഡ്രോണുകൾ അണിനിരക്കുന്ന പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. സന്ദർശകർക്ക് പ്രവേശന കവാടത്തിൽ സൗജന്യമായി പതാകകൾ നൽകുന്നതിനൊപ്പം യുഎഇ പവലിയനിൽ എമിറാത്തി സംസ്കാരവും പാരമ്പര്യവും പരിചയപ്പെടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ദുബായ്: യുഎഇ ദേശീയ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജിൽ നവംബർ 3 ചൊവ്വാഴ്ച പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഭിമാനവും പാരമ്പര്യവും വിളിച്ചോതുന്ന ദൃശ്യവിരുന്നാണ് സംഘടിപ്പിക്കുക.

ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന വിസ്മയ പ്രകടനത്തിൽ, യുഎഇ ദേശീയ പതാകയുടെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളുള്ള 700 എൽഇഡി ഡ്രോണുകൾ അണിനിരക്കും. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഈ ഡ്രോൺ ഷോ കാണാൻ കുടുംബങ്ങൾക്കും സന്ദർശകർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് പതാക ദിനാഘോഷങ്ങളുടെ ഭാഗമാകാൻ പ്രവേശന കവാടത്തിൽ വെച്ച് തന്നെ യുഎഇ ദേശീയ പതാകകൾ സൗജന്യമായി നൽകും.

ഗ്ലോബൽ വില്ലേജിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന ലാൻഡ്‌മാർക്കുകളിലും ദേശീയ പതാക ഉയർത്തുകയും ദേശീയ പതാകയുടെ നിറങ്ങളിലുള്ള ദീപാലങ്കാരങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. എമിറാത്തി സംസ്‌കാരവും പാരമ്പര്യവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി യുഎഇ പവലിയനിൽ പരമ്പരാഗത കരകൗശല വസ്തുക്കൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ, വിഭവങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

സന്ദർശകർക്ക് ഇതിനോടൊപ്പം ഗ്ലോബൽ വില്ലേജിലെ വിവിധ രാജ്യങ്ങളുടെ ഷോപ്പിംഗ്, ഡൈനിംഗ് കേന്ദ്രങ്ങളും ആസ്വദിക്കാവുന്നതാണ്. പ്രവേശന ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എക്സിറ്റ് അല്ലെങ്കിൽ എൻട്രി ഗേറ്റുകളിലെ കൗണ്ടറുകൾ എന്നിവ വഴി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ globalvillage.ae എന്ന വെബ്‌സൈറ്റിലും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.