63കാരനായ ബിദൂണ്‍ ആണ് അറസ്റ്റിലായത്

കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യപിച്ച് വാഹനമോടിച്ച ബിദൂണ്‍ അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും ഹൈവേയിൽ ഗതാഗത നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതിനുമാണ് 63കാരനെതിരെ അൽ ഖാഷാനിയ്യ പോലീസ് കേസെടുത്തത്. ഇയാളിൽ നിന്ന് മൂന്ന് കുപ്പി അനധികൃതമായി വാറ്റിയ മദ്യവും പിടിച്ചെടുത്തു.

ഷെയ്ഖ് ജാബർ റോഡിൽ അബ്ദാലി ഫാമുകൾക്ക് സമീപം ഒരു കൊറിയൻ നിർമ്മിത വാഹനം അപകടകരമായി എതിർദിശയിൽ ഓടിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. പട്രോൾ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി സംശയിക്കപ്പെടുന്നയാളെ അറസ്റ്റ് ചെയ്തു. അസ്വാഭാവികമായ അവസ്ഥയിലായിരുന്ന ഇയാളുടെ കൈവശം സംശയാസ്പദമായ മൂന്ന് കുപ്പി മദ്യവും കണ്ടെത്തുകയായിരുന്നു.