റിയാദിൽ അൽമആലി ഡിസ്ട്രിക്ടിൽ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിർമാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടർന്നുപിടിച്ചത്. ദമാമിൽ അൽമുൻതസഹ് ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.

റിയാദ്: സൗദി അറേബ്യയിൽ രണ്ടിടത്ത് തീപിടുത്തം. റിയാദിലും ദമ്മാമിലുമാണ് അഗ്നിബാധ. റിയാദിൽ അൽമആലി ഡിസ്ട്രിക്ടിൽ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിർമാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടർന്നുപിടിച്ചത്. ദമാമിൽ അൽമുൻതസഹ് ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചിരുന്നു. ഈ അപകടങ്ങളില്‍ മറ്റ്‌ നാലു പേർക്കാണ് പരിക്കേറ്റത്. തായിഫ് - അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമായിട്ടില്ല.

Read also: ഉംറ ബുക്കിങ്ങിനുള്ള ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം

ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് പതിനാലുകാരിക്ക് പരിക്ക്
റിയാദ്: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് സൗദി പെണ്‍കുട്ടിക്ക് പരിക്കേറ്റു. തുടര്‍ ചികിത്സക്ക് വേണ്ടി പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ സൗദിയില്‍ എത്തിച്ചു. ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് മുന്‍കയ്യെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സില്‍ 14കാരിയെ സൗദിയിലേക്ക് എത്തിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ഇസ്താംബൂള്‍ സൗദി കോണ്‍സല്‍ ജനറല്‍ അഹ്മദ് അല്‍ഉഖൈല്‍ പറഞ്ഞു. ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ വഴി താഴെയുള്ള കാഴ്ചകള്‍ കാണുന്നതിനിടെ പതിനാലുകാരി നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ആറാം നിലയിലുള്ള ബീമിന് മുകളിലേക്കാണ് പെണ്‍കുട്ടി പതിച്ചത്. ഇതാണ് പതിനാലുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. സൗദി അറേബ്യയില്‍ നിന്ന് അയച്ച എയര്‍ ആംബുലന്ഡസില്‍ തുര്‍ക്കിയിലെ സൗദി എംബസി, കോണ്‍സുലേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ സൗദിയിലേക്ക് എത്തിച്ചത്.