റിയാദ്: ആറു മാസം മുമ്പ് ന്യുയോർക്കിൽ വച്ച് കൈയ്യിൽ നിന്ന് പോയ ലോക കിരീടം ഇടി കൊടുത്ത് തിരിച്ചുവാങ്ങി ലോക ബോക്സിങ് താരം ആന്‍റണി ജോഷ്വ. റിയാദിൽ ഇന്നലെ രാത്രി അവസാനിച്ച ലോക ഹെവിവെയ്റ്റ് ബോക്സിങ് റീമാച്ചിൽ മെക്സിക്കൻ അമേരിക്കൻ ഇടി വീരൻ ആൻഡി റൂയിസിൽ നിന്നാണ് ഈ ബ്രിട്ടീഷ് ബോക്സിങ് കില്ലാഡി ലോക ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചത്. 

ദിരിയ സീസണിന്‍റെ ഭാഗമായി റിയാദിലെ ഇടിക്കൂട്ടിൽ കനത്ത പോരാണ് രണ്ടുപേരും തമ്മിൽ നടന്നത്. ഈ വർഷം ജൂണിൽ ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ നടന്ന ലോക ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിൽ അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന് റിയാദിൽ കണക്ക് പറഞ്ഞ് മറുപടി കൊടുക്കുകയായിരുന്നു ജോഷ്വ. 

ന്യൂയോർക്കിലേത് അപ്രതീക്ഷിത അട്ടിമറിയായിരുന്നു. ആൻഡി റൂയിസ് അന്ന് ശരിക്കും ജോഷ്വയെ മാത്രമല്ല ബോക്സിങ് ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞിരുന്നു. ആ പകയോടെ റിയാദിൽ എതിരാളിയെ നേരിട്ട ജോഷ്വ ഇതുവരെ പുറത്തെടുക്കാതിരുന്ന തന്ത്രങ്ങളിലൂടെയാണ് റൂയിസിനെ പൂട്ടിയത്. ജോഷ്വയുടെ ആക്രമണ മുന്നേറ്റങ്ങൾക്ക് മുന്നിൽ റൂയിസ് തകർന്നു. 

അഞ്ചാം റൗണ്ട് വരെ ഒരുവിധം പിടിച്ചുനിന്ന റൂയിസ് ആറാം റൗണ്ടില്‍ തലയിലേറ്റ കനത്ത ഇടിയിൽ ഉലഞ്ഞുപോയി. എങ്കിലും പ്രതിരോധം തുടർന്നു. ഒമ്പതാം റൗണ്ടിൽ അൽപമൊന്ന് ഉയിർത്തെഴുന്നേറ്റ് തിരിച്ചിടിക്കാൻ ശ്രമിച്ചു. പക്ഷെ ദുർബലമായിരുന്നു റൂയിസിന്‍റെ ആക്രമണങ്ങള്‍. 107 തവണ ജോഷ്വ ഇടിച്ചപ്പോൾ ആകെ തിരിച്ചുകൊടുക്കാനായത് 60 എണ്ണം മാത്രമായിരുന്നു. വിധികർത്താക്കളായ സ്റ്റീവ് ഗ്രേ (ബ്രിട്ടൻ), ഗ്ലെൻ ഫെൽഡ്മാൻ (അമേരിക്ക), ബിനോയ്റ്റ് റസ്സൽ (കാനഡ) എന്നീ മൂന്നുപേരും ജോഷ്വക്കാണ് കൂടുതൽ മാർക്കിട്ടത്. 

ന്യൂയോർക്കിലെ പോരാട്ടത്തിൽ ആദ്യം ഇടിയേറ്റുവീണ റൂയിസ് പിന്നീട് നാലു തവണ ജോഷ്വയെ ഇടിച്ചിട്ടാണ് ബോക്സിംഗ് ലോകത്തെ ഞെട്ടിച്ചത്. അതിനുശേഷമുള്ള ആറുമാസം ഈ രാത്രിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നെന്ന് ജോഷ്വ പ്രതികരിച്ചു. ഏഴു കോടിയോളം ഡോളറാണ് റിയാദിൽ നിന്ന് പ്രതിഫലമായി ജോഷ്വക്ക് കിട്ടിയത്. ദിരിയയിലെ ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. മധ്യേഷ്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.