അബുദാബി: ഗള്‍ഫ് നാടുകളിലുള്‍പ്പെടെയുള്ള പ്രവാസികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിവിധ രാജ്യങ്ങളിലെ എംബസികളിലും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. വിവിധയിടങ്ങളില്‍ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസിഡര്‍ നവദ്വീപ് സിങ് സുരിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ദേശീയ പതാകയുയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. ഇന്ത്യയോടുള്ള ആദരസൂചകമായി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ന് ത്രവര്‍ണമണിയുമെന്ന് അംബാസിഡര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായില്‍ അല്‍ നഹ്‍യാനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം, ഇന്ത്യ-യുഎഇ നയതന്ത്ര ബദ്ധത്തിന് പൂര്‍വാധികം ശക്തി പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ മറ്റ് എമിറേറ്റുകളിലും ആഘോഷ പരിപാടികള്‍ നടന്നു.