റിയാദ്​: സൗദി അറേബ്യയിൽ ബസ്​ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മൂന്ന്​ പേർ മരിച്ചു. മക്ക - മദീന എക്‌സ്പ്രസ്‌വേയിൽ കിലോ 150ന് സമീപമാണ്​ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്​. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമായിട്ടില്ല. മൂന്നുപേരും സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഒരു പാലത്തിന്​ സമീപം റോഡ്​ സൈഡിലെ ഇരുമ്പ്​ കൈവരി തകർത്ത്​കൊണ്ട്​ ഇരുന്നൂറടിയോളം താഴ്​ചയിലേക്കാണ്​ ബസ്​ മറിഞ്ഞത്​.

സംഭവമുണ്ടായ ഉടൻ ഹൈവേ പോലീസും റെഡ് ക്രസൻറ്​ അതോറിറ്റിയും സിവിൽ ഡിഫൻസും മദീന ആരോഗ്യ വകുപ്പും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റെഡ് ക്രസൻറിന്​ കീഴിലെ 16 ആംബുലൻസുകളും ആരോഗ്യ വകുപ്പിനു കീഴിലെ രണ്ടു ആംബുലൻസുകളും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് ഉപയോഗപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴു പേർ ചികിത്സകൾക്കു ശേഷം ആശുപത്രികൾ വിട്ടതായും മദീന ഗവർണറേറ്റ് അറിയിച്ചു.