ഫ്രോസൺ പോത്തിറച്ചിയെ ആട്ടിറച്ചിയാക്കി വിൽപ്പന നടത്തി ആളുകളെ കബളിപ്പിക്കുകയായിരുന്നു ഇവർ. കശാപ്പ് കടയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ സംയുക്ത റെയ്ഡിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു കശാപ്പ് കടയിൽ വൻ തട്ടിപ്പ് കണ്ടെത്തി. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം കാട്ടി ഉപഭോക്താക്കളെ കബളിപ്പിച്ച ഒരു കശാപ്പ് കടയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) നടത്തിയ സംയുക്ത റെയ്ഡിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവരുമായി ചേർന്നാണ് ഉദ്യോഗസ്ഥർ നാടകീയമായ ഈ പരിശോധന നടത്തിയത്.

പരിശോധനയിൽ സഹകരണ സംഘങ്ങളിലേക്കുള്ള മാംസ വിതരണത്തിന്‍റെയും വിൽപ്പനയുടെയും വ്യാജ ബില്ലുകൾ കടയിൽ വെച്ച് നിർമ്മിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായതും ഉത്ഭവം അറിയാത്തതുമായ മാംസം വിറ്റഴിക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു ഇത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൺ പോത്തിറച്ചി ഇവിടെ എത്തിച്ച് ഫ്രഷ് എന്ന പേരിൽ വിറ്റഴിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പോത്തിറച്ചി, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിലാണ് ഇവർ വിൽപ്പന നടത്തിയത്. ഈ കൃത്രിമം അധികൃതർ തിരിച്ചറിയുകയും റെയ്ഡിന് പിന്നാലെ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഈ കശാപ്പ് കട ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിടുകയുമായിരുന്നു. കടയിൽ നിന്ന് കണ്ടെത്തിയ കൃത്രിമം നടത്തിയ എല്ലാ മാംസവും നശിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.