എമിറേറ്റിലുടനീളം ആറ് സ്ഥലങ്ങളിൽ പീരങ്കി വെടിയൊച്ചകൾ മുഴങ്ങും
ദുബൈ: ഈദ് ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടക്കുന്ന പീരങ്കി വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബൈ പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം ആറ് സ്ഥലങ്ങളിൽ പീരങ്കി വെടിയൊച്ചകൾ മുഴങ്ങും. യുഎഇയുടെ സാമൂഹിക പൈതൃകത്തിന്റെ ഭാഗമാണ് ഈദ് പീരങ്കിയെന്നും ഇത് സമൂഹത്തിന്റെ കൂട്ടായ ഓർമ്മയിലും സാംസ്കാരിക സ്വത്വത്തിലും ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും ദുബൈ പോലീസ് പീരങ്കി യൂണിറ്റ് കമാൻഡർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല താരിഷ് അൽ അമിമി പറഞ്ഞു.
ബലി പെരുന്നാളിനോടനുബന്ധിച്ച് സഅബീൽ ഗ്രാൻഡ് മോസ്‌കിലും ഉമ്മു സുഖീം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ബറാഹ, ഹത്ത എന്നിവിടങ്ങളിലെ ഈദ് മുസല്ലകളിലും പീരങ്കി വെടിക്കെട്ടുകൾ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.


