യുഎഇയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജബല്‍ ജൈസില്‍ പെട്ടന്നുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 300ഓളം വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിനിടയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഒരു വാഹനം ഒലിച്ചുപോവുകയായിരുന്നു.
റാസല്‍ഖൈമ: യുഎഇയില്‍ വിവിധയിടങ്ങളില്‍ ശനിയാഴ്ച കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. റാസല്‍ഖൈമ, അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെല്ലാം വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്തു. റാസല്‍ഖൈമയിലെ ജബല്‍ ജൈസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കാര്‍ ഒലിച്ചുപോയതായി റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു.
യുഎഇയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജബല്‍ ജൈസില്‍ പെട്ടന്നുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 300ഓളം വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിനിടയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഒരു വാഹനം ഒലിച്ചുപോവുകയായിരുന്നു. വാഹനത്തിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മണിക്കൂറുകളോളം ജബല്‍ ജൈസിന് മുകളില്‍ കുടുങ്ങിയെന്ന് സന്ദര്‍ശകരില്‍ ചിലര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുടുതല്‍ സ്ഥലങ്ങളില്‍ ശക്തമായി വെള്ളം കുത്തിയൊലിച്ച് പോകാന്‍ തുടങ്ങിയതോടെ ആളുകളെയും വാഹനങ്ങളെയും മാറ്റി. ഏറെ നേരം കഴിഞ്ഞ് റാസല്‍ഖൈമ പൊലീസ് റോഡിലെ ഒരു ലേന്‍ ഗതാഗത യോഗ്യമാക്കിയ ശേഷമാണ് വാഹനങ്ങള്‍ക്ക് തിരികെ പോകാന്‍ കഴിഞ്ഞത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വൈകുന്നേരം 3.30 വരെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടയുകയും ചെയ്തു. ഞായറാഴ്ച പകല്‍ 11.30 വരെ രാജ്യത്ത് പലയിടങ്ങളിലും മഴയ്ക്കും പെട്ടെന്നുണ്ടാവുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായതിന്റെ ചിത്രങ്ങളും വീഡിയോകളും കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. റാസല്‍ ഖൈമയില്‍ ജബല്‍ ജൈസിന് പുറമെ വാദി ശഹ, സഖര്‍ പോര്‍ട്ട്, യനാസ് എന്നിവിടങ്ങളിലും മഴ പെയ്തു. അബുദാബിയില്‍ അല്‍ അദാല, അല്‍ ശവാമീഖ്, അല്‍ ദഫ്റ, മദീനത്ത് സായിദ്, അല്‍ വത്ബ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. അല്‍ ഐനിലെ അല്‍ ഫഖയിലും ദുബായിലെ ഹത്ത, മര്‍ഗാം എന്നിവിടങ്ങളിലും മഴപെയ്തു. ഷാര്‍ജയിലെ അല്‍ ദായിദ്, അല്‍ മനാമ എന്നിവിടങ്ങളിലായിരുന്നു മഴ ലഭിച്ചത്. ഫുജൈറയിലെ മസാഫി, അല്‍ തവൈന്‍, ഉമ്മുല്‍ ഖുവൈനിലെ ഫലജ് അല്‍ മുഅല്ല എന്നിവിടങ്ങളിലും മഴ പെയ്തു.
തകര്‍ന്ന റോഡുകള്‍ എത്രയും വേഗം ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റാസല്‍ഖൈമ പബ്ലിക് വര്‍ക്സ് വകുപ്പ് അറിയിച്ചു.
