ഒമാനില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മരണ കാരണമായത് ഹൃദയാഘാതമെന്ന് കണ്ടെത്തി.

മസ്‍കത്ത്: ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) ഒമാനിലെ അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വില്ലയിലെ രണ്ടാം നിലയിലുള്ള ഗോവണിയില്‍ നിന്ന് വീണ് മരിച്ച നിലയായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്‍ച മുമ്പാണ് ബിജിലി ബേബി നാട്ടില്‍ നിന്നെത്തിയത്. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.

കൊല്ലം ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞിയില്‍ ബിജിലി ഭവനില്‍ ബേബിയുടെയും ലാലിയുടെയും മകളായ ബിജിലി എം.എസ്.എസി നഴ്‍സിങ് പഠനത്തിന് ശേഷം പൂനെയില്‍ ട്യൂട്ടറായി ജോലി ചെയ്‍തിരുന്നു. ആറ് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇതിന് ശേഷം ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് പോയി. അടുത്തിടെ നാട്ടില്‍ പോയ ശേഷം വിസാ കാലാവധി തീരാറായതിനാല്‍ പുതുക്കാനായാണ് 28ന് വീണ്ടും ഒമാനിലെത്തിയത്. ഭര്‍ത്താവ് ജോണ്‍ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.