ന്യൂനമർദം 61.8°E രേഖാംശത്തിലും 13.9°N അക്ഷാംശത്തിലും മധ്യ അറബിക്കടലിൽ കേന്ദ്രീകരിച്ച് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഏദൻ ഉൾക്കടലിലേക്ക് നീങ്ങുമെന്നാണ് ഒമാൻ നാഷണൽ മൾട്ടി ഹാസാർഡ്സ് എർലി വാണിംഗ് കേന്ദ്രം നൽകുന്ന  സൂചന.

മസ്കറ്റ്: ഒമാന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദം മൂലം ദക്ഷിണ അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിൽ ശനിയാഴ്ച വൈകുന്നേരവും അടുത്ത രണ്ടു ദിവസവും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

ന്യൂനമർദം 61.8°E രേഖാംശത്തിലും 13.9°N അക്ഷാംശത്തിലും മധ്യ അറബിക്കടലിൽ കേന്ദ്രീകരിച്ച് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഏദൻ ഉൾക്കടലിലേക്ക് നീങ്ങുമെന്നാണ് ഒമാൻ നാഷണൽ മൾട്ടി ഹാസാർഡ്സ് എർലി വാണിംഗ് കേന്ദ്രം നൽകുന്ന സൂചന. ഉപരിതല കാറ്റിന്റെ മധ്യഭാഗത്ത് 17 മുതൽ 27 നോട്ട് (KNOT) വേഗത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാനെ നേരിട്ട് ബാധിക്കാതെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും ഒമാൻ മെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Read More -  ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍

അതേസമയം അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ അൽ ഖുവൈർ പാലം അടച്ചിടുമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബർ 31 വരെ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് അൽ ഖുവൈർ പാലം അടച്ചിടുന്നതെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. നിയന്ത്രണം ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതൽ പ്രാബല്യത്തില്‍ വന്നു.

Read More -  സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.