ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്ത അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിസ്‍താരത്തിലാണ് മക്കളുടെ നിലപാട് കോടതിയില്‍ എത്തിയത്. 

റിയാദ്: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്റെ വധശിക്ഷ നടപ്പാക്കണമെന്ന് മക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ട. സൗദി അറേബ്യയിലെ ജിദ്ദ ക്രിമിനല്‍ കോടതിയില്‍ നടന്ന വിസ്‍താരത്തിനിടെയാണ് കൊല്ലപ്പെട്ട സ്‍ത്രീയുടെയും കൊലപാതകിയായ പ്രതിയുടെയും മക്കള്‍ വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യം അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചത്.

ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്ത അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിസ്‍താരത്തിലാണ് മക്കളുടെ നിലപാട് കോടതിയില്‍ എത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ഇതേ ആവശ്യം തന്നെയാണ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട യുവതിയുടെ മക്കള്‍, പ്രതിയുടെയും കൂടി മക്കളാണെന്നും വധശിക്ഷ നടപ്പാക്കുന്നത് കുട്ടികളുടെ ഭാവി ജീവിതത്തെയും അവരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതിയുടെ അഭിഭാഷകന്‍ ഈ അഭിപ്രായങ്ങളെ എതിര്‍ത്തു. കേസില്‍ ഏതാനും ആഴ്ചകള്‍ കൂടി എടുത്ത് വിചാരണ പൂര്‍ത്തിയാക്കി അന്തിമ വിധി പ്രസ്‍താവിക്കുമെന്നാണ് പ്രതീക്ഷ.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു കൊലപാതകം നടന്നത്. നാല് കുട്ടികളുടെ മാതാവായ സ്‍കൂള്‍ അധ്യാപികയെ വാക്കേറ്റത്തിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ശേഷം ജോലിക്കായി സ്‍കൂളിലേക്ക് പോവുകയും ചെയ്‍തു. കേസ് നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് കാണിച്ച് ഭര്‍ത്താവിന് എസ്.എം.എസ് സന്ദേശം ലഭിച്ചിരുന്നു.

വൈകുന്നേരം ഭാര്യ സ്‍കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്ത്രപൂര്‍വം അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വാതില്‍ അടച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയുമായിരുന്നു. കേസില്‍ പിന്നീട് അറസ്റ്റിലായ ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ ഭാര്യയെ മര്‍ദിച്ചിരുന്നില്ലെന്ന് ഇയാള്‍ വാദിച്ചു. യുവതിയുടെ പിതാവിനെയും സഹോദരനെയുമാണ് ആദ്യ ദിവസം കോടതി വിസ്‍തരിച്ചത്. ഇരുവരും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മക്കളുടെ വിസ്‍താരം.

Read also: മയക്കുമരുന്ന് ലഹരിയില്‍ ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ വിദേശിക്ക് ശിക്ഷ വിധിച്ചു