വര്‍ത്തമാനകാലത്ത് മാതാപിതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമയം ചിലവിടുന്നതുമൂലം കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഈ ഗാനത്തിലൂടെ സന്ദേശമായി നല്‍കുന്നത് ശ്രദ്ധേയമാണ്.
മസ്‌കറ്റ്: പുതുതലമുറയ്ക്ക് നല്ല സന്ദേശവുമായി ഒരു ക്രിസ്മസ് ഗാനം(Christmas song). 'പുല്‍മേട്ടിലെ അള്‍ത്താരയില്‍' എന്ന സംഗീത ആല്‍ബത്തില്‍ രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സമയമില്ല' എന്നതാണ് വര്‍ത്തമാനകാലത്തെ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പണമുണ്ടാക്കുവാന്‍ ഓടുന്നതിനോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവിടുന്നത് മൂലം അവര്‍ മറന്നു പോകുന്ന വളരെ മൂല്യമായ ഒന്നുണ്ട്. തങ്ങളുടെ മക്കളോടൊപ്പം സമയം ചിലവഴിക്കുവാനും അവരുടെ കുഞ്ഞു കുഞ്ഞു സംശയങ്ങള്‍ ദൂരീകരിക്കുവാനും മാതാപിതാക്കള്‍ ശ്രദ്ധിക്കാറേയില്ല. അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റം ഇതിനെ സാരമായി ബാധിച്ചു കഴിഞ്ഞുവെന്നും പുല്‍മേട്ടിലെ അള്‍ത്താരയില്‍ എന്ന സംഗീത ദൃശ്യാവിഷ്‌കാരത്തിലൂടെ വരച്ചു കാട്ടുന്നുണ്ട്.
വര്‍ത്തമാനകാലത്ത് മാതാപിതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമയം ചിലവിടുന്നതുമൂലം കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഈ ഗാനത്തിലൂടെ സന്ദേശമായി നല്‍കുന്നത് ശ്രദ്ധേയമാണ്. ഒറ്റപ്പെടലില്‍പ്പെട്ട നിഷ്‌കളങ്കരായ രണ്ടു കുട്ടികള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നതാണ് ഈ ആല്‍ബത്തിലെ ഇതിവൃത്തം. കുട്ടികളായി അഭിനയിച്ചിരിക്കുന്നത് അയിനും ധനുര്‍വേദയുമാണ്.
ഇടുക്കി കുട്ടിക്കാനത്തിന്റെ മനോഹരമായ ഹരിതഭംഗിയിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ശ്വേതാ മോഹന്‍ ആലപിച്ചിരിക്കുന്നു എന്നത് ഈ വര്‍ഷത്തെ ക്രിസ്മസ് ഗാനം എന്ന പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുമെന്ന് ആല്‍ബത്തിന്റെ പ്രൊഡ്യൂസര്‍ ഇഗ്‌നേഷ് എം. ലാസര്‍ പറഞ്ഞു. ഇഗ്‌നേഷ് എം. ലാസര്‍ മസ്‌കറ്റിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ സംഗീത ആല്‍ബം പുറത്തിറക്കിയത്. ഷീജാ പള്ളത്തിന്റെ വരികള്‍ക്ക് സംഗീതവും സംവിധാനവും ചെയ്തിരിക്കുന്നത് വിഷ്ണു പ്രശാന്താണ്. ഛായാഗ്രഹണം വിഷ്ണു പ്രകാശും ചിത്ര സംയോജനം കിരണ്‍ വിജയുമാണ് ചെയ്തിരിക്കുന്നത്.

