റിയാദ്: പെയ്തിറങ്ങിയ നിറങ്ങളില്‍ കുളിച്ച് ആയിരങ്ങള്‍ 'കളര്‍ റണ്ണില്‍' അണിചേര്‍ന്നു. 'റിയാദ് സീസണ്‍' ആഘോഷ പരിപാടികളുടെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം നിറങ്ങളുടെ ഉത്സവം തന്നെയായി മാറി. ആരോഗ്യപരിപാലനത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യവും പ്രസരിപ്പാര്‍ന്ന ജീവിതത്തിന്റെ വര്‍ണശബളിമയും വിളംബരം ചെയ്യുന്ന ഈ പരിപാടി രാവിലെ എട്ടിന് റിയാദിലെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ അവ്വല്‍ റോഡില്‍ നടന്നു. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആയിരങ്ങള്‍ അതിരാവിലെ തന്നെ എത്തിയിരുന്നു. ഹെഡ് ബാന്‍ഡും വെള്ള ടീഷര്‍ട്ടും ചെസ്റ്റ് നമ്പറും ലോഗോയും അണിഞ്ഞ് യുവതീയുവാക്കളും കുട്ടികളും പ്രായമേറിയവരും അണിനിരന്നു. പെട്ടെന്നാണ് നീലനിറത്തിലെ പൊടി എവിടെയൊക്കേയോ നിന്ന് അന്തരീക്ഷത്തില്‍ ചീറ്റിത്തെറിച്ചത്.

ഓട്ടത്തിന്റെ തുടക്കമായിരുന്നു അത്. പെയ്തിറങ്ങിയ നീലനിറത്തില്‍ പൊതിഞ്ഞു ആളുകള്‍ ഓടിത്തുടങ്ങി. അഞ്ച് കിലോമീറ്ററിനിടെ പിന്നെയും അഞ്ചിടങ്ങളില്‍ നിന്ന് കുങ്കുമം, മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കൂടി തൂവുന്ന കവാടങ്ങള്‍ കടക്കണമായിരുന്നു. വിവിധ വര്‍ണങ്ങളിലാറാടിയാണ് ഓരോരുത്തരും ഫിനിഷിങ് പോയിന്റിലെത്തുന്നത്. 

സൗദി അറേബ്യയിലെ സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനമാണ് ഈ പരിപാടിയിലുടനീളം ദൃശ്യമായത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇടകലര്‍ന്നായിരുന്നു പങ്കാളിത്തം. കൂട്ടയോട്ടത്തിന് ഇംഗ്ലീഷ്, അറബി പോപ്, റാപ് സംഗീതം അകമ്പടിയുമായി. പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുവെച്ച് മുന്നേറി ഓരോരുത്തരും. വിവിധ വിനോദ പരിപാടികളും അരങ്ങേറി.

നവംബര്‍ രണ്ടിന് ജിദ്ദയിലും 'കളര്‍ റണ്‍' നടക്കും. ആഗോളതലത്തില്‍ നടക്കുന്ന കളര്‍ റണ്‍ പരിപാടിയില്‍ 40 രാജ്യങ്ങളിലായി ഇതുവരെ ഏഴ് ദശലക്ഷം ആളുകള്‍ പങ്കെടുത്തുകഴിഞ്ഞു. സൗദി അറേബ്യയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോര്‍ഡും ലക്ഷ്യമിടുന്നതിനാല്‍ രിശോധനകള്‍ക്കായി ഗിന്നസ് സംഘവും റിയാദിലെത്തിയിരുന്നു.