കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്ലെയുടെയും ഫര്മാന് ഖാന്റെയും വിവാഹം നിയമപരമെന്ന് പോലീസ് സ്ഥിരീകരിച്ചു. മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞെന്നും ശൈശവ വിവാഹമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്ലെയും കാമുകന് ഫര്മാന് ഖാനും തമ്മിലുള്ള വിവാഹം തീർത്തും നിയമപരമെന്ന് പൊലീസ്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്റെ സ്ഥിരീകരണമെത്തിയിരിക്കുന്നത്. മൊണാലിസയുടെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് പറഞ്ഞു. രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്ന് മനസിലാക്കിയ ശേഷമാണ് വിവാഹമെന്നും മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിക്ക് വയസ് 16 മാത്രമാണെന്നും 18 വയസിനു താഴെ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് ശൈശവ വിവാഹമായിയി കണക്കാക്കുമെന്നും സിപിഎം നേതാക്കളടക്കം ജയിലിൽ പോകുമെന്നായിരുന്നു പ്രചാരണം. ഇതിനായി വിക്കീപീഡീയ പേജും പഴയ മാധ്യമ വാർത്തകളും ചൂണ്ടിക്കാട്ടിയാണ് സൈബർ ഇടങ്ങളിലെ പുതിയ പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തുകയാണ് പൊലീസ്.
ദിവസങ്ങളായി സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി പൂവാറിലുണ്ടായിരുന്ന ഇവർ ഇന്ന് രാവിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവാഹത്തിനു കുടുംബം തടസം നില്ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്മാന് ഖാന്. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്പര്യം അറിയിച്ചത്. പിന്നാലെ ഇന്ന് വൈകുന്നേരം വിവാഹം നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം.


