ബെംഗളൂരു: ഇന്ത്യയില്‍ ഉള്ളി വില കുതിച്ചുയരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഇന്ത്യയിലേതിനേക്കാള്‍ വിലക്കുറവില്‍ ദുബൈയില്‍ ഉള്ളി ലഭിക്കുമെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും എതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നുമാണ് കര്‍ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ട്വിറ്ററില്‍ കുറിച്ചത്. 

'ഐഫോണ്‍ 12 മറന്നേക്കൂ, ഇന്ത്യയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ദുബൈയില്‍ ഉള്ളി ലഭിക്കും. ഇന്ത്യയില്‍ ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ്. ദുബൈയില്‍ കിലോയ്ക്ക് 2.5 ദിര്‍ഹവും. അതായത് 50 രൂപ. ദുബൈയില്‍ 90 ശതമാനം ഉള്ളിയും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ അവിടെ ഇന്ത്യയിലേക്കാള്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. ഇത് തീര്‍ച്ചയായും മോദിജിയെയും നിര്‍മ്മലയെയും അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ്'- ശ്രീവത്സയുടെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യയിലേക്കാള്‍ വിലക്കുറവില്‍ ഐഫോണ്‍ 12 പ്രോ ദുബൈയില്‍ ലഭിക്കുമെന്നും ഇപ്പോഴത്തെ ടിക്കറ്റ് നിരക്കില്‍ ദുബൈയില്‍ പോയി ഐഫോണ്‍ വാങ്ങി വരാമെന്നും പ്രമുഖ യൂട്യൂബര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ നികുതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.