ഒമാനിലെ പതിനൊന്ന് കേന്ദ്രങ്ങളിലായിരിക്കും സേവന കേന്ദ്രങ്ങൾ തുറക്കുക.

മസ്കറ്റ്: ജൂലൈ ഒന്നാം തീയതി മുതൽ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്നും ലഭിക്കുന്ന കോൺസുലർ പാസ്‌പോർട്ട് വിസ സേവനങ്ങൾ എസ്ജിഐവിഎസ് ഗ്ലോബൽ എന്ന പുതിയ സേവന ദാതാവ് വഴി നൽകും. ആദ്യ ഘട്ടത്തിൽ എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ നയതന്ത്ര മേഖലയിലെ ജാമിഅത്ത് അൽ-ദോവൽ അൽ-അറേബിയ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസി എംബസി പരിസരത്ത് നിന്ന് ലഭ്യമാകും.

മെച്ചപ്പെട്ട സേവന വിതരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പ്രവാസികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും കൂടുതൽ പ്രവേശനം നൽകുന്നതിനായി എസ്ജിഐവിഎസ് ഗ്ലോബൽ എൽഎൽസി ഒമാനിലുടനീളം 11 പുതിയ ആപ്ലിക്കേഷൻ സെന്‍ററുകള്‍ പ്രവർത്തിപ്പിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി പുറത്തിറിക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. മസ്കറ്റ്, സലാല , സോഹാർ , ഇബ്രി, സൂർ, നിസ്വ, ദുഖം , ഇബ്രാ, ഖസബ് , ബുറൈമി , ബർക എന്നി പതിനൊന്ന് കേന്ദ്രങ്ങളിലായിരിക്കും സേവന കേന്ദ്രങ്ങൾ തുറക്കുക. ഓഗസ്റ്റ് 15-ഓടെ ഈ കേന്ദ്രങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കും. പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി അതാതു സമയങ്ങളിൽ മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചുകൊണ്ടിരിക്കുമെന്നും എംബസ്സിയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റം കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ എംബസ്സിയുടെ സേവനങ്ങളിൽ തടസ്സമുണ്ടാകുമെന്നും അതിനോട് അപേക്ഷകർ സഹകരിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.