മരുഭൂമിയിലെ അപൂർവ്വ കൂൺ ലേലം, സൂഖ് വാഖിഫിൽ ആവേശം. ട്രഫിൾ പ്രദർശനത്തിന്റെയും ലേലത്തിന്റെയും മൂന്നാം പതിപ്പാണ് ഇത്തവണത്തേത്. സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ ഡിസംബർ 28-ന് ആരംഭിച്ച ഈ സീസണൽ വിപണി ജനുവരി അവസാനം വരെ നീണ്ടുനിൽക്കും.

ദോഹ: ട്രഫിൾ (ഫഗ്ഗ) പ്രദർശനവും ലേലവും കൊണ്ട് സജീവമാണ് ഖത്തറിലെ പൈതൃക വിപണിയായ സൂഖ് വാഖിഫ് ഇപ്പോൾ. ഗൾഫ് രാജ്യങ്ങളിലും അറബ് ലോകത്തും ഏറെ പ്രിയമുള്ള 'മരുഭൂമിയിലെ സ്വർണ്ണം' എന്നറിയപ്പെടുന്ന ഈ അപൂർവ്വ ഇനം കാട്ടു കൂണുകൾ തേടി സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. ട്രഫിൾ പ്രദർശനത്തിന്റെയും ലേലത്തിന്റെയും മൂന്നാം പതിപ്പാണ് ഇത്തവണത്തേത്. സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ ഡിസംബർ 28-ന് ആരംഭിച്ച ഈ സീസണൽ വിപണി ജനുവരി അവസാനം വരെ നീണ്ടുനിൽക്കും.

ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ കൂടി ഭാഗമായി മാറിയ ഈ ലേലത്തിന് വലിയ ജനപങ്കാളിത്തമാണുള്ളത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മേഖലയിലെ ഏറ്റവും വലിയ ട്രഫിൾ വിപണന കേന്ദ്രമായി മാറാൻ സൂഖ് വാഖിഫിന് സാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും മികച്ച ഗുണനിലവാരമുള്ള ട്രഫിളുകളാണ് ഓരോ ദിവസവും ലേലത്തിനായി ഇവിടെ എത്തിക്കുന്നത്.

ദിവസവും പുലർച്ചെ 5 മണി മുതൽ വിൽപ്പനയ്ക്കുള്ളവ എത്തിത്തുടങ്ങും. രാവിലെ 8 മണി മുതൽ ലേലം ആരംഭിക്കുകയും സ്റ്റോക്ക് തീരുന്നത് വരെ (ഏകദേശം ഉച്ചയ്ക്ക് 12 മണി വരെ) തുടരുകയും ചെയ്യും. ലേലത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള 'സുബൈദി' ഇനത്തിനാണ് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. സുബൈദി (വെള്ള ട്രഫിൾ) ഒരു ബോക്സിന് (ഏകദേശം 3 കിലോ) 1,300 റിയാൽ മുതൽ 3,200 റിയാൽ വരെയാണ് വില. മറ്റൊരിനമായ ഖലാസി (തവിട്ട് ട്രഫിൾ) ഒരു ബോക്സിന് 600 റിയാൽ മുതൽ 700 റിയാൽ വരെ വിലയുണ്ട്. അൾജീരിയ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവയും നിലവിൽ ലഭ്യമാണ്. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രഫിളുകൾ സീസൺ അവസാനമാകുമ്പോഴേക്കും വിപണിയിലെത്തും.

വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ട്രഫിളുകൾ ലേലത്തിലൂടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുമെന്നതിനാൽ സ്വദേശികളും പ്രവാസികളും ഒരുപോലെ ഈ പ്രദർശന നഗരിയിലേക്ക് ഒഴുകുകയാണ്. പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. മുൻസിപ്പാലിറ്റി മന്ത്രാലയത്തിലെ വിദഗ്ധ സംഘം എല്ലാ ദിവസവും ലേലത്തിന് എത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ലേലം അനുവദിക്കുന്നത്.

മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി ലേല സ്ഥലത്ത് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ പരമ്പരാഗത വിഭവമായ 'മജ്ബൂസ്' പോലെയുള്ളവയിൽ പ്രധാന ചേരുവയായി ഈ ട്രഫിളുകൾ ഉപയോഗിക്കുന്നു. കൂടാതെ, ഔഷധഗുണമുള്ള ഇവ ഉണക്കിപ്പൊടിച്ചും, സാലഡ് ആയും ഉപയോഗിക്കാറുണ്ട്. സൂഖ് വാഖിഫ് മാനേജ്‌മെന്റും ഖത്തർ വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് ഈ പ്രദർശനവും ലേലവും സംഘടിപ്പിക്കുന്നത്. ട്രഫിൾ സീസൺ അവസാനിക്കുന്നത് വരെ സൂഖ് വാഖിഫിൽ ട്രഫിൾ പ്രദർശനവും ലേലവും തുടരും.