പുതിയ ടെണ്ടര്‍ പ്രകാരം എന്ത് സേവനങ്ങൾ ഉൾപ്പെടുത്തിയാലും ഇതെല്ലാം ഒരു വലിയ സാമ്പത്തിക ഭാരമായി പ്രവാസിയുടെ ചുമലിലേക്കാണ് അവസാനം എത്തുന്നത്.

മസ്കത്ത്: ഒമാനിലെ മസ്കത്തിലുള്ള ഇന്ത്യൻ എംബസിയിൽ കോൺസുലർ, പാസ്‌പോർട്ട് & വിസ (സി.പി.വി) സേവനങ്ങൾ ഔട്ട്‌സോഴ്‌സിംഗ് നൽകുവാനുള്ള പുതിയ ടെണ്ടർ വിളിച്ചു. എംബസിയിൽ സിപിവി സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗിനായി ധാരാളം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ടെണ്ടർ പ്രകാശനം ചെയ്തിട്ടുള്ളത്. റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യോഗ്യരായ ബിഡ്ഡർമാരിൽ നിന്ന് ടെൻഡറുകൾ ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി ചാൻസറി മേധാവി പ്രദീപ് കുമാർ അറിയിച്ചു. ഫെബ്രുവരി നാലിനാണ് ടെണ്ടർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. താൽപ്പര്യമുള്ള കമ്പനികൾക്ക് അവരുടെ ടെൻഡറുകൾ മൂന്ന് ബിഡ് സിസ്റ്റങ്ങളിലായി സമർപ്പിക്കാം. മാർച്ച് 5ന് മുൻപായി ഇന്ത്യൻ എംബസ്സിയിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. 

എംബസ്സിയുടെ അധികാര പരിധിയിൽ സിപിവി സേവനങ്ങൾക്കായി മസ്‌കറ്റ്, സലാല, സോഹാർ, സൂർ, നിസ്വ, ദുഖം, ഇബ്രി, ഇബ്ര, ബുറൈമി, ഖസബ്, ബർക എന്നിവിടങ്ങളിൽ 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളാണ് പുതിയ ടെണ്ടറിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ അറിയപ്പെടുന്ന വാണിജ്യ സമുച്ചയങ്ങളിലായിരിക്കണം പുതിയ സെന്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. വിവിധ തസ്തികളിലായി എഴുപത്തി നാല് ജീവനക്കാരും ബാക്ക് ഏൻഡ് ഓഫീസ് ജീവനക്കാരായി ഇരുപത്തിരണ്ട് പേരും വി.ഐ.പികളുടെ സേവനത്തിനായി എംബസ്സിയിൽ രണ്ടു ജീവനക്കാരും ഉൾപ്പെടെ 98 ജീവനക്കാർ പുതിയ ടെണ്ടർ പ്രകാരം ഉണ്ടാകും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടർ പ്രകാരം ഐ.സി.എ.സിയിൽ പ്രോസസ്സ് ചെയ്യുന്ന ഓരോ അപേക്ഷയ്ക്കും 30 മിനിറ്റ് സമയം നിലനിർത്തേണ്ടതാണ്. ഒരു അപേക്ഷകൻ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററിൽ എത്തിയാൽ 30 മിനിറ്റിനുള്ളിൽ തനിക്കു ആവശ്യമുള്ള സേവനം പൂർത്തിയാക്കി മടങ്ങുവാൻ സാധിക്കണം എന്നതാണ് പുതിയ ടെണ്ടറിൽ കൃത്യമാക്കിയിരിക്കുന്നത്. അധിക ചെലവുകൾ കണക്കാക്കിയായിരിക്കണം പുതിയ ടെണ്ടർ സമർപ്പിക്കേണ്ടതെന്നും പ്രൊപ്പോസലിൽ പറയുന്നു. 

ഒരു മാസം 98 ജീവനക്കാർക്കുള്ള ശമ്പളം, ജീവനക്കാരുടെ അനുബന്ധ ചിലവുകൾ പുറമെ മറ്റ് ചിലവുകൾ, ബാങ്ക് ഗ്യാരണ്ടികൾക്കുള്ള ബാങ്ക് നിരക്കുകൾ എന്നിവയെല്ലാം ചിലവിൽ വന്നു കൂടും. ഇതെല്ലം സേവനത്തിനായി എത്തുന്ന പ്രവാസികളാണ് നൽകേണ്ടത്. ഫോട്ടോകോപ്പി എടുക്കൽ, ഫോട്ടോഗ്രാഫുകൾ, ഫോം പൂരിപ്പിക്കൽ, കൊറിയർ സേവനങ്ങൾ ഇതെല്ലം ഉൾപ്പെടുമ്പോൾ ഒരു വലിയ തുക സേവന ഫീസ് ആയി ഓരോ അപേക്ഷകരും നൽകേണ്ടി വരും. എന്നാൽ, എംബസ്സിയിൽ എത്തുന്ന വിഐപിക്ക് എംബസ്സി നിർദ്ദേശിക്കുന്ന പ്രത്യേക അപേക്ഷകരുടെ ഫീസുകൾ പുറമെയുള്ള 11ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ നിലനിൽക്കുന്ന ഫീസ് മാത്രം നൽകിയാൽ മതിയാകും.

read more: 10,000 ചതുരശ്ര മീറ്റർ വിസ്തൃതി, കുവൈത്തിലെ ഹവല്ലിയിൽ പ്രവാസികൾക്കായി ഷെൽട്ടർ തുറന്നു

ഇപ്പോൾ നിലവിൽ ഒരു പാസ്പോർട്ട് പുതുക്കാൻ 29.400 റിയാൽ എംബസി ഫീസും 0.450 ബൈസ സർവീസ് ചാർജും ആണ് നൽകേണ്ടത്. കൊറിയർ, ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഫോട്ടോകോപ്പി, എസ് എം എസ്‌ എന്നിവക്ക് 7 റിയാൽ അഞ്ഞൂറ് ബൈസ ഓപ്‌ഷണൽ ആയിരുന്നു. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടർ പ്രകാരം ഓപ്‌ഷണൽ ആയി നൽകിയിരുന്ന എല്ലാ സേവനങ്ങളും നിർബന്ധമായും പുതിയ ടെണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എന്ത് സേവനങ്ങൾ ഉൾപ്പെടുത്തിയാലും ഇതെല്ലാം ഒരു വലിയ സാമ്പത്തിക ഭാരമായി പ്രവാസിയുടെ ചുമലിലേക്കാണ് അവസാനം എത്തുന്നത്. ടെണ്ടർ പ്ലോട്ട് ചെയ്യുന്നതിന് മുൻപ് കൃത്യമായ ഒരു പഠനം നടത്തിയിരുന്നെങ്കിൽ ഒരുപാട് ചിലവുകൾ നിയന്ത്രിക്കാൻ കഴിയുമെന്നായിരുന്നു പലരും അഭിപ്രായപ്പെടുന്നത്. ഓരോ സെന്ററുകൾ അനുസരിച്ച് അവശ്യമായ ജീവനക്കാരെ നിയമിക്കുവാൻ കഴിഞ്ഞിരുന്നെങ്കിലും നിലവിലെ സംവിധാനം കുറച്ചു കൂടി കാര്യക്ഷമത ഉള്ളതാക്കി മാറ്റുകയും ചെയ്യുമെങ്കിൽ പ്രവാസികൾക്കു വലിയ ആശ്വാസം തന്നെ ആയിരിക്കും.