കുവൈത്തിൽ ഒക്ടോബർ 29 മുതൽ 'അൽ സമാക്' സീസൺ ആരംഭിക്കുന്നതോടെ രാത്രികളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ 13 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്, കൂടാതെ രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും. വേനൽച്ചൂടിൽ നിന്ന് തണുപ്പുകാലത്തിലേക്കുള്ള പ്രധാന മാറ്റമാണിത്.
കുവൈത്ത്: കുവൈത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച മുതൽ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായുള്ള 'വസം' സീസണിലെ രണ്ടാം ഘട്ടമായ 'അൽ സമാക്' ഒക്ടോബർ 29ന് ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ രാത്രികാലങ്ങളിൽ താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
ഈർപ്പം വർധിക്കുന്നതും രാത്രിയുടെ ദൈർഘ്യം കൂടുന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. ഈ കാലയളവിൽ മഴ ലഭിക്കാനുള്ള സാധ്യതയും വർധിക്കും. സൂര്യാസ്തമയം നേരത്തെയാകുന്നതിനൊപ്പം രാത്രിയുടെ ദൈർഘ്യവും ക്രമേണ വർധിക്കും. വർഷത്തിലെ ഏറ്റവും നേരത്തെയുള്ള ളുഹർ നമസ്കാര സമയവും ഈ ഘട്ടത്തിലാണെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സൂര്യോദയം, സൂര്യാസ്തമയം, നമസ്കാര സമയം എന്നിവയിലെ മാറ്റങ്ങൾ അറിയാൻ അൽ ഉജൈരി ആപ്പ് ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. വേനൽച്ചൂടിൽ നിന്ന് തണുപ്പുകാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന ഘട്ടമായാണ് ഈ കാലയളവിനെ കണക്കാക്കുന്നത്.







