പൊലീസ് ഉദ്യോഗസ്ഥൻ കടയുടമയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ പതിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. 

കുവൈത്ത് സിറ്റി: കടയുടമയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. അൽ-ഖുറൈൻ മാർക്കറ്റിലെ ഒരു കടയുടമയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടയുടമ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കടയുടെ മുന്നിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ കടയുടമയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർ കടയിൽ പരിശോധന നടത്തുകയും ചില നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തപ്പോഴാണ് സംഭവം നടന്നത്. ആ സമയം അതുവഴി പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കടയുടമയെ വാക്കാലുള്ള അധിക്ഷേപവും ശാരീരിക ബലപ്രയോഗവും നടത്തിയെന്ന് പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.

Read Also -  വമ്പൻ തിരിച്ചടി, ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ; 500 പ്രവാസികളും പുറത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം