ഒമാനില്‍ രണ്ടുപേർ കൊറോണ വൈറസിൽ നിന്നും മുക്തി നേടിയതിന് പിന്നാലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 2,367 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്ത് ആകെ ആറുപേർക്കായിരുന്നു കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 

മസ്കറ്റ്: കൊറോണ വൈറസ് ഭീതിയിൽനിന്ന് താൽകാലികമായി മുക്തിനേടിയ സാഹചര്യത്തിൽ ഒമാനിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി അറിയിച്ചു. മസ്കറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ മുഴുവൻ സ്കൂളുകളും സാധാരണപോലെ തുറന്നു പ്രവർത്തിക്കുമെന്നും ആ​രോ​ഗ്യമന്ത്രാലയം ലോകാരോ​ഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ‌ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒമാനില്‍ രണ്ടുപേർ കൊറോണ വൈറസിൽ നിന്നും മുക്തി നേടിയതിന് പിന്നാലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 2,367 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്ത് ആകെ ആറുപേർക്കായിരുന്നു കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

കൊറോണ വൈറസ് ബാധയുടെ രോ​ഗലക്ഷണങ്ങളുള്ളവർ ആളുകൾ അധികമെത്തുന്ന മാർക്കറ്റുകൾ, പള്ളികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മുൻകരുതലെന്നോണം ജനങ്ങൾ‌ രോഗബാധിതരിൽ നിന്ന് മാറിനിൽക്കണം. ആരോഗ്യ മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളും പാലിക്കണം. പകർച്ചവ്യാധി പകരുന്നത് തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read More: കൊറോണ വൈറസ്; ജാഗ്രതാ നിർദ്ദേശവുമായി ഒമാനിലെ ഇന്ത്യൻ എംബസി

ശുചിത്വത്തിന്റെ പ്രാധാന്യം പരിശീലിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി പങ്ക് വളരെ വലുതാണ്. സിംഗപ്പൂർ, ജപ്പാൻ, ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ ക്വറന്റൈന് വിധേയരാക്കും. ചൈന, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾളും ഇറ്റലിയിൽ നിന്നുള്ള ചാർട്ടർ ടൂറിസം വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, പുകവലിക്കുന്നവരിൽ കൊറോണ പിടിപെടാൻ സാധ്യത കൂടുതലാണെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പൊരുതുക എന്നത് ഓരോ പൗരന്റേയും കടമയാണ്. രാജ്യത്തിന് പുറത്ത് ഒരു ഒമാൻ പൗരനും വൈറസ് ബാധയേറ്റിട്ടിട്ടില്ല. മാസ്‌കുകളോ മരുന്നുകളോ ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ഹാൻ‌ഡ്‌ഷേക്കുകളും ചുംബനങ്ങളും ഒഴിവാക്കുക എന്നതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.