മസ്‍കത്ത്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്കത്തിലെ ഇന്ത്യൻ എംബസി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം നല്‍കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. അതേസമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ഒമാനിൽ ചികിത്സയിലായിരുന്ന ഒരാൾ സുഖം   പ്രാപിച്ചുവെന്ന് ആരോഗ്യ  മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യക്കാർക്കായി എംബസി  പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഒമാനിൽ  താമസിച്ചു വരുന്ന ഇന്ത്യക്കാർ കൊറോണ വൈറസിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് എംബസി  ആവശ്യപ്പെട്ടിരിക്കുന്നത്. ഒമാൻ  ആരോഗ്യ  മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ  ഇന്ത്യക്കാരും പാലിക്കണമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. വൈദ്യ  സഹായം ആവശ്യമുള്ളവര്‍ ഒമാൻ ആരോഗ്യ വകുപ്പിന്റെ 24441999  എന്ന ടെലിഫോൺ നമ്പറിൽ  ബന്ധപ്പെടണമെന്നും  കൂടുതല്‍ വിവരങ്ങള്‍ക്ക്   24695981 എന്ന  നമ്പറിൽ  മസ്കറ്റ് ഇന്ത്യൻ എംബസിയുമായി ബന്ധപെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനിൽ ഇതുവരെ ആറുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ ഒരാൾ സുഖം പ്രാപിച്ചുവെന്നും മറ്റ് അഞ്ചുപേരുടെയും  ആരോഗ്യനില തൃപ്തികരമാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.