കോടിക്കണക്കിന് വ്യാജ കറൻസി പിടിച്ചെടുത്തു. ദശലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറുകൾ കടത്തി വിതരണം ചെയ്ത ക്രിമിനൽ സംഘം പിടിയിൽ. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കോടിക്കണക്കിന് വ്യാജ കറൻസി പിടിച്ചെടുത്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ കള്ളനോട്ട് വിരുദ്ധ വിഭാഗമാണ് അറബ് പൗരന്മാരുടെ ക്രിമിനൽ ശൃംഖല തകർത്തത്. ദശലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറുകൾ കടത്തി വിതരണം ചെയ്ത കേസിലാണ് അറസ്റ്റ്. ഒരു അറബ് രാജ്യത്ത് നിർമ്മിച്ച ഈ വ്യാജ കറൻസി, പ്രാദേശിക വിപണിയിൽ വിതരണം ചെയ്ത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

കൃത്യമായ ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഒരു അറബ് പ്രവാസി ഒരു ലക്ഷം യുഎസ് ഡോളർ (100,000) വ്യാജ നോട്ടുകൾ കേവലം 16,000 കുവൈത്തി ദിനാറിന് വിൽക്കാൻ വാഗ്ദാനം ചെയ്തിരുന്നു. ഇത് ഏകദേശം 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽക്കാനുള്ള ശ്രമമായിരുന്നു.

വിവരം ലഭിച്ച ഉടൻ തന്നെ വകുപ്പ് രഹസ്യ വിവരം നൽകിയയാളെ ഉപയോഗിച്ച് ഓപ്പറേഷൻ നടത്തിയിരുന്നു. ഇതോടെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം വ്യാജ കറൻസികൾ പിടികൂടി. തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ തെരച്ചിലിൽ ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കൂടുതൽ വ്യാജ യുഎസ് കറൻസികൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഹവല്ലി, ഫർവാനിയ എന്നിവിടങ്ങളിൽ താമസിക്കുന്ന അതേ രാജ്യക്കാരായ രണ്ട് കൂട്ടാളികളെയും കള്ളനോട്ടുകൾ നിർമ്മിച്ച രാജ്യത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു പങ്കാളിയെയും പ്രതി തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി.