ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമൽ ബോസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ലങ്കാഷെയര്‍: യുകെയിലെ ലങ്കാഷെയറില്‍ അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷാവിധി കാത്തിരിക്കുന്ന ഇന്ത്യൻ വംശജനായ ഹൃദ്രോഗ വിദഗ്ധൻ അമൽ ബോസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകള്‍. ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമൽ ബോസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഹപ്രവര്‍ത്തകരായ സ്ത്രീകളെ ഡോക്ടര്‍ നിരന്തരമായി കടന്നു പിടിക്കാറുണ്ടായിരുന്നെന്ന് കോടതി കണ്ടെത്തി.
ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്‍റുകളും ഡോക്ടര്‍ നടത്തിയിരുന്നു. എന്നാല്‍ വകുപ്പിലെ സീനിയോരിറ്റി കാരണം അമൽബോസിന്‍റെ മോശം പെരുമാറ്റം ചോദ്യം ചെയ്യാൻ ആളുകൾ മടിച്ചിരുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ഡോക്ടർ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടർ ഹ്യൂ എഡ്വേർഡ്സ് പ്രസ്റ്റൺ ക്രൗൺ കോടതിയിൽ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകയെ ഓപ്പറേഷൻ തിയറ്ററിൽ വച്ച് അമൽ ബോസ് കയറിപിടിച്ചതായി പരാതിയുണ്ട്. കേസിൽ ഇന്ന് കോടതി ഡോക്ടർക്ക് ശിക്ഷ വിധിക്കും.
