മസ്കറ്റ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. മരണസംഖ്യ 21ആയി. ഏപ്രില്‍ പകുതിയോടു കൂടി രോഗ ബാധിതരുടെ എണ്ണം ഉയരുമെന്ന്  ഒമാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. മുഴുവന്‍ കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഖത്തര്‍ ഉത്തരവിട്ടു. ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കും

സൗദി അറേബ്യയില്‍ രണ്ട് വിദേശികളും യുഎഇയില്‍ ഒരു ഏഷ്യന്‍ പൗരനുമാണ് ഇന്ന് മരിച്ചത്. ഇതോടെ ഗള്‍ഫിലെ മരണ സംഖ്യം 21 ആയി. സൗദിയില്‍ 110 പേര്‍ക്കും, യുഎഇയില്‍ 31 ഇന്ത്യക്കാരടക്കം 53, ഖത്തര്‍ 59, കുവൈത്ത് 19, ഒമാന്‍ 13 പേര്‍ക്കും ഇന്നു പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. ദുബായില്‍  മലയാളികളടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന  ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്കേര്‍പ്പെടുത്തി.

അല്‍റാസിലേക്കുള്ള റോഡുകളും സിഗ്‌നലുകളും അടച്ചിട്ടു.അതേസമയം മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കാന്‍ യു എ ഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടും. താമസ വിസകള്‍ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകള്‍ തടസമാകില്ല.  വൈറസ്‌നിറെ സാമൂഹ്യ വ്യാപനം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

വിദേശ രാജ്യങ്ങളില്‍ നിന്നും  ധാരാളം  സ്വദേശി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സാഹചര്യത്തില്‍  വരുന്ന രണ്ടു ആഴ്ച  നാര്‍ണായകമാണെന്നും  ആരോഗ്യ മന്ത്രി ഡോക്ടര്‍  അഹമ്മദ് ബിന്‍ മുഹമ്മദ്  അല്‍ സൈദി പറഞ്ഞു. കൊവിഡ് പശ്ചതലത്തില്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നെങ്കിലും  ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിരിക്കണമെന്ന് ഖത്തര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.