കൊച്ചി/ കോഴിക്കോട്: ആശങ്കയ്ക്കും ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ഇന്ന് മുതൽ നമ്മുടെ പ്രവാസികൾ തിരികെ എത്തിത്തുടങ്ങുകയാണ്. പ്രവാസികളുടെ ആദ്യസംഘം ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തും. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് ഇന്ന് വിമാനങ്ങളെത്തുക. റിയാദ് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹ കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ടെന്നത് ആശ്വാസമാണ്. 

നെടുമ്പാശ്ശേരിയിൽ 179-ഉം കരിപ്പൂരിൽ 189-ഉം പ്രവാസികളാണ് എത്തുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിൽ കഴിയാൻ ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും. മറ്റുള്ളവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഇനി സ്വീകരിക്കാം, അവരെ, ഇരു കൈയും നീട്ടി. 

പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാൻ അനുമതിയുണ്ട്. ഏഴ് കിലോ വരുന്ന ഹാൻഡ് ലഗേജും കൊണ്ടുവരാം. വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള മാർഗരേഖ പ്രകാരം പ്രവാസികളെ 20 അംഗസംഘമായിട്ടാകും പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. 

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുള്ള വിശദമായ പദ്ധതിയാണ് സിയാലിൽ നടപ്പാക്കുക. ഡിആർഡിഒയുടെ സഹായത്തോടെ വിശാലമായ സൗകര്യങ്ങളോടെയാകും ബാഗേജുകൾ അണുനശീകരണം നടത്തുക. 

യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്മൂലം ഉൾപ്പടെയുള്ള ഫോറങ്ങളുമായാണ് വിമാനങ്ങൾ പുറപ്പെടുക. തിരികെ വരുന്ന വിമാനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ബേ ഉണ്ട്, എയ്റോബ്രിഡ്ജുകളും. യാത്രക്കാരെ കർശനസുരക്ഷാ സംവിധാനങ്ങളോടെ പുറത്തെത്തിക്കാൻ പല തവണ മോക് ഡ്രിൽ നടത്തി പരിശീലനം നടത്തിക്കഴിഞ്ഞു.

ടെർമിനലിലേക്ക് വരുമ്പോൾ തെർമൽ സ്കാനറും താപനിലാപരിശോധനസാമഗ്രിയും ഉപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണം കണ്ടാൽ ഉടൻ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക്. അല്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും പരിശോധന. തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിലേക്ക്. 

ഇവിടെ പത്ത് ഉദ്യോഗസ്ഥരുണ്ട്. അവിടെ ഗ്ലാസ് മറകൾക്ക് പിന്നിലാണ് അവർ ഇരിക്കുക. ഇതിന് ശേഷം യാത്രക്കാർക്ക് ബാഗേജ് എടുക്കാൻ പോകാം. എമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിലും ബാഗേജ് വരുന്ന കൺവെയർ ബെൽറ്റിന് അടുത്തും സാമൂഹ്യാകലം പാലിച്ച് തന്നെ നിൽക്കണം. അവിടെ പ്രത്യേക അടയാളങ്ങളെല്ലാം വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റിലാണ് സിയാലിൽ യാത്രക്കാരുടെ ബാഗേജ് വരിക.

യാത്രക്കാർക്ക് 500 ട്രോളികളുണ്ട്. എല്ലാ യാത്രക്കാരും കയ്യുറ ധരിച്ചേ അകത്ത് കയറാവൂ. ഡ്രൈ ഫുഡ്, വെള്ളം എന്നിവ സിയാൽ നൽകും. വിമാനത്താവളത്തിലെ എല്ലാ കസേരകളും തൽക്കാലത്തേക്ക് പ്ലാസ്റ്റിക്കാക്കി. തുണിക്കസേരകൾ മാറ്റിയിട്ടുമുണ്ട്. 

പുറത്ത് വന്ന ശേഷമുള്ള നടപടിക്രമങ്ങളെന്ത്? വിശദമായി വായിക്കാം:

Read more at: മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം? വിശദമായ മാർഗരേഖ പുറത്തിറക്കി സർക്കാർ

കരിപ്പൂർ ഒരുങ്ങി

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം മെയ് ഏഴ് രാത്രി 10.30നാണ് കരിപ്പൂരിലെത്തുക. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സജ്ജീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ക്വാറന്‍റീൻ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 

പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം  പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും. 

ദുബായ് - കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം

മലപ്പുറം - 82
പാലക്കാട് - 8
കോഴിക്കോട് - 70
വയനാട് - 15
കണ്ണൂര്‍ - 6
കാസര്‍ഗോഡ് - 4
കോട്ടയം - 1
ആലപ്പുഴ - 2
തിരുവനന്തപുരം -1.

മറ്റിടങ്ങളിലെ ഒരുക്കങ്ങളിങ്ങനെ:

വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യങ്ങൾ ഒരുക്കി.

Read more at: പ്രവാസികളെ കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം, പട്ടിക