Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ അനുമതിയില്ല, യുഎഇയില്‍ നിന്നുള്ള സര്‍വീസ് ഇല്ലെന്ന് ഫ്ലൈ ദുബായ്, പ്രവാസികൾ ആശങ്കയിൽ

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു

covid 19  flydubai canceled flights to india
Author
UAE, First Published Apr 8, 2020, 7:49 AM IST

അബുദാബി: ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകും. അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്പതിനായിരം കടന്നു.

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി. എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്ലൈ ദുബായി തീരുമാനം മരവിപ്പിച്ചു. 

ഇതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പ്രവാസിമലയാളികള്‍ പ്രയാസത്തിലായി. ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നതോടെ ആശങ്കിയിലാണ് ഇവിടുത്തെ പ്രവാസി സമൂഹം. ലേബര്‍കാംപുകളിലും ബാച്ചിലേര്‍സ് മുറിയിലും തിങ്ങിക്കഴിയുന്ന തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ തങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കേനദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കുവൈത്ത് ബങറൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിനും തൊഴിലാളികള്‍ക്കുമിടയില്‍ വൈറസ് പടരുകയാണ്. 

കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം മുന്നൂറ്റി അരുപത്തി മൂന്നായി. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ജലീബ് അൽ ഷുവൈഖ്, മഹബുള്ള എന്നിവിടങ്ങളിൽ പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനയും ശക്തമാക്കി. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അൽ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് വിദേശികളുടെയിടയിൽ കൊറോണ വൈറസ് പടരുന്നത് ആശങ്കാജനകമാണെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സെയ്ദി പറഞ്ഞു. 152 വിദേശികളിലാണ് രഒമാനില്‍ രോഗം സ്ഥിരീകരിച്ചത്. വരുന്ന രാജ്യത്ത് രണ്ടാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയില്‍ 2795, യുഎഇയി 2359, ഖത്തര്‍ 2057, ബഹറൈന്‍ 811, കുവൈത്ത് 743, ഒമാന്‍ 371 എന്നിങ്ങനെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം. മരണസംഖ്യ 67 ആയി. 

Follow Us:
Download App:
  • android
  • ios