കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വിദേശികൾക്കു വിസ നൽകുന്നത് കുവൈത്ത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഈ മാസം 26 വരെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിട്ടു. രാജ്യത്തെ സിനിമാ തിയറ്ററുകളും, ആഡിറ്റോറിയങ്ങള്‍ അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. കുവൈത്ത് ഓയില്‍ കമ്പനി ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ജീവനക്കാരോട് വീടുകളില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാകാന്‍ ആവശ്യപ്പെട്ടു.

യുഎഇയിലുള്ള സൗദി പൗരന്‍മാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി  മുന്നറിയിപ്പ് നല്‍കി. അല്‍ ബത്താ അതിര്‍ത്തി വഴി റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍  ദുബായ് അന്താരാഷ്ട്ര  വിമാനതാവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാം. ബഹ്‌റൈനിലുള്ള  തങ്ങളുടെ പൗരന്‍മാര്‍ക്കും സൗദി സമാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. യാത്രാ– രോഗ വിവരങ്ങൾ മറച്ചുവച്ച് സൗദിയിൽ പ്രവേശിച്ചാൽ 5 ലക്ഷം റിയാൽ  പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോവിഡ് ബാധിത രാജ്യങ്ങൾ സന്ദർശിച്ച ശേഷം വിവരം മറച്ചുവച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണു നിയമം കർശനമാക്കിയത്. അതേസമയം യുഎഇയിൽ രണ്ടു ഇന്ത്യക്കാരടക്കം പതിനഞ്ചു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഇതിൽ ആറുപേർ ഇന്ത്യക്കാരാണ്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക