വാഷിംഗ്ടൺ: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് നാല് മലയാളികളാണ്. ഇതിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. പൊന്‍കുന്നം സ്വദേശി പടന്നമാക്കല്‍ മാത്യു ജോസഫ് (78) ന്യൂയോർക്കിൽ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വൃദ്ധദമ്പതികളടക്കം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി മരിച്ചവർക്ക് കൊവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട സ്വദേശി ഇടത്തിൽ സാമുവൽ (83), അദ്ദേഹത്തിന്‍റെ ഭാര്യ മേരി സാമുവൽ എന്നിവർ 12 മണിക്കൂറിന്‍റെ ഇടവേളയിൽ മരിച്ചത് അമേരിക്കൻ മലയാളികൾക്ക് തന്നെ വേദനയായി. ഇരുവരെയും കടുത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും ന്യൂമോണിയ ബാധയാണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ ഇന്ന് മരിച്ച മറ്റൊരു മലയാളി കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) യാണ്. എന്നാൽ ഇവർക്കും കൊവിഡ് ഉണ്ടായിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. 

ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകൾ അമേരിക്കയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അമേരിക്കയിൽ ഇന്നലെ മരിച്ച പടന്നമാക്കൽ മാത്യു ജോസഫ് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ സംസ്‌കാരവും ന്യൂയോര്‍ക്കില്‍ നടത്തും. 

കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ.