മസ്‍ക്കറ്റ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ ഒരു വിദേശി കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ ഒമാനിൽ മരണപ്പെട്ടവർ ഒൻപത് പേരായി. 57 വയസുള്ള വിദേശിയാണ് മരണപെട്ടതെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ഏഴു വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനിൽ മരണപ്പെട്ടവർ.  

രാജ്യത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മാർച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രിൽ 4 ശനിയാഴ്ചയും. ഇവർ രണ്ടുപേരും 77  വയസ് പ്രായമുള്ള ഒമാൻ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രിൽ 9ന് മരണപെട്ടതാണ് രാജ്യത്തെ മൂന്നാമത്തെ സംഭവം. ഏപ്രിൽ 12ന് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. 37കാരനായ പ്രവാസി ആണ് മരണപ്പെട്ടത്. അഞ്ചാമത്തെ മരണം 66 വയസുള്ള ഒരു ഗുജറാത്ത് സ്വദേശിയുടേതായിരുന്നു. ഇദേഹം മത്ര സൂഖിൽ വ്യാപാരം ചെയ്തുവരികയായിരുന്നു.

കൊവിഡ് 19 മൂലം മലയാളിയായ ഡോക്ടർ രാജേന്ദ്രൻ നായരുടെ മരണമായിരുന്നു ഒമാനിലെ ആറാമത്തെ മരണം. ഏപ്രിൽ 17 വൈകിട്ട് 4:45നായിരുന്നു ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഡോക്ടർ മരണപ്പെട്ടത്. കൊവിഡ് 19 ലക്ഷണങ്ങളെ തുടർന്ന് മാർച്ച് അവസാനവാരത്തോടെ അൽ നാദ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 40 വര്‍ഷത്തിലേറെയായി  മസ്‌കറ്റിലെ റൂവിയിൽ ഹാനി ക്ലിനിക് എന്ന സ്വകാര്യ ആരോഗ്യസേവനകേന്ദ്രം നടത്തിവരികയായിരുന്നു ഡോക്ടർ രാജേന്ദ്രൻ നായർ. രാജ്യത്ത്  വൈറസ് ബാധമൂലം മരണപ്പെട്ട ആദ്യ മലയാളി ആണ് ഇദേഹം. 

സ്ഥിരതാമസക്കാരനായ 59 വയസുള്ള വിദേശി ഏപ്രിൽ 19ന് മരണപെട്ടതാണ് രാജ്യത്തെ ഏഴാമത്തെ മരണം. ഏപ്രിൽ 21ന് രാവിലെ 53കാരനായ ബംഗ്ലാദേശ് സ്വദേശിയുടെ മരണമാണ് മന്ത്രാലയം എട്ടാമത്തേതായി സ്ഥിരീകരിച്ചത്.