അഞ്ച് ലക്ഷം റിയാൽ വരെ പിഴചുമത്തുമെന്ന് അറിയിപ്പിലുണ്ട്

റിയാദ്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് വരുന്നവർ ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇല്ലാത്തവര്‍ക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ സൗദിയിൽ 20 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദിയിലേക്ക് വരുന്ന വിദേശികളും മറ്റു രാജ്യങ്ങൾ സന്ദർശിച്ച ശേഷം തിരിച്ചെത്തുന്ന സ്വദേശികളും വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്നാണ് ഉത്തരവ്. നേരത്തെ സന്ദർശിച്ച രാജ്യങ്ങൾ, രോഗ ലക്ഷണങ്ങളോ മറ്റു രോഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം നിർബന്ധമായും വെളിപ്പെടുത്തണം. ഇല്ലെങ്കിൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴചുമത്തുമെന്ന് അറിയിപ്പിലുണ്ട്.

രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പതിമൂന്നു വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന തുടങ്ങിയിട്ടുണ്ട്. ബാർബർഷോപ്പ്, ബ്യൂട്ടി പാർലർ, ലോൺട്രികൾ, കോഫി ഷോപ്പ്, ബേക്കറി, ഷോപ്പിംഗ് മാളുകൾ, മത്സ്യവും മാംസവും വിൽക്കുന്ന കടകൾ, വളർത്തു പക്ഷികളെ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന. രോഗബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പൊതു ഇടങ്ങളിലെ പരിശോധന ശക്തമാക്കുന്നത്.
ഇന്ന് അഞ്ച് പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം സൗദിയിൽ 20 ആയത്.

അതേസമയം യു.എ.ഇയിലും ബഹ്‌റൈനിലുമുള്ള സൗദി പൗരന്മാർക്ക് സൗദിയിലേക്ക് മടങ്ങിവരുന്നതിന് സർക്കാർ മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിമാനമാർഗമോ റോഡുമാർഗമോ ഇവർക്ക് സൗദിയിൽ തിരിച്ചെത്തുന്നതിനാണ് സമയ പരിധി നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് സൗദി നേരത്തെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വിവിധ സെക്ടറുകളിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയ പശ്ചാത്തലത്തിൽ അവധിക്ക് നാട്ടിൽ പോയവർ ഉൾപ്പെടെയുള്ളവർക്ക് വിസ കാലാവധി തീരുന്നതിന് മുൻപ് സൗദിയിൽ തിരിച്ചെത്താൻ കഴിയുമോയെന്ന ആശങ്കയുണ്ട്.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക