റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ഇരുപത് പേരിൽ 19 പേർക്കും അസുഖം ഭേദപ്പെടുന്നു. അമേരിക്കൻ പൗരെൻറ ആരോഗ്യനിലയിൽ മാറ്റമില്ല. അതേസമയം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 20 പേരിലാണ് 19 പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ്  മുഹമ്മദ് അല്‍ അബ്ദുല്ലൈലി റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

രാജ്യത്ത് ആകെ 468 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. 2032 പേർ നിരീക്ഷണത്തിലുമാണ്. റിയാദില്‍ കോവിഡ് 19 സ്ഥിരീകരിച്ച അമേരിക്കൻ പൗരെൻറ നിലയില്‍ കാര്യമായ പുരോഗതിയില്ല. ഇതിൽ 18 കേസുകളും റിപ്പോര്‍ട്ട് ചെയ്ത സൗദി കിഴക്കന്‍ പ്രവിശ്യ കനത്ത ജാഗ്രതയിലാണെന്ന്  ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഒരാൾ മക്കയിലാണ്. ഈജിപ്ഷ്യൻ പൗരനാണ് രോഗം. ഇയാളുടെ സ്ഥിതിയും ഭേദമാണ്. മക്കയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. രോഗബാധിതരിൽ 10 പേര്‍ പുറത്ത് നിന്നെത്തിയതാണ്. എല്ലാവരും നാല്‍പത് വയസിന് മുകളിലുള്ളവരാണ്. 

ഐസൊലേഷനിൽ ഉള്ളവരിൽ പരിശോധന ഫലം വന്നവരുടെ എല്ലാം നെഗറ്റീവാണെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഉള്ളവരുടെ നിരീക്ഷണം തുടരും. മക്കയില്‍ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ പൗരനുമായി സമ്പര്‍ക്കം പുര്‍ത്തിയവരും നിരീക്ഷണത്തിലുണ്ട്. മക്കയിലും റിയാദിലുമായി 800 പേരുടെ സാമ്പിള്‍ എടുത്തിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവരെല്ലാം. ലോകത്തെ കണക്കുമായി നോക്കുമ്പോള്‍ താരതമ്യേന സൗദിയില്‍ കോവിഡ് കേസുകള്‍ കുറവാണ്. എങ്കിലും ജാഗ്രത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ തുടരും. വലിയ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്  ഇതുകൊണ്ടാണെന്നും മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.