മസകത്ത്: ഒമാനിൽ 600-ലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്  രോഗം പിടിപെട്ടതായി  ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി  ഡോ.  മൊഹമ്മദ് അൽ ഹോസിസ്‌നി പറഞ്ഞു. ഇതിൽ  ഭൂരിഭാഗവും സാമൂഹ്യ വ്യാപനത്തിലൂടെയാണ്  രോഗം പിടിപെട്ടത്.  ഒരു പ്രാദേശിക   റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

കഴിഞ്ഞ  ജൂൺ 22  മുതൽ   പ്രതിദിനം  ആയിരത്തിന്  മുകളിലാണ്  രാജ്യത്ത്  റിപ്പോർട്ട്  ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം. സ്വദേശികൾക്കിടയിൽ  കൊവിഡ്  രോഗികളുടെ   എണ്ണം വർധിക്കുന്നതിനുള്ള   പ്രധാന കാരണം  പ്രതിരോധ  നടപടികളിലെ  ജാഗ്രതക്കുറവാണെന്നും അദ്ദഹം പറഞ്ഞു.

കഴിഞ്ഞ  24  മണിക്കൂറിനിടയിൽ ഒമാനിൽ  1739  പേർക്ക് കൊവിഡ്  രോഗം പിടിപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം  സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതിൽ  1514  പേരും ഒമാൻ സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ   സ്വദേശികളുടെ ഇടയിൽ  കൊവിഡ്  വ്യാപനം കൂടി വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും.

നിലവിൽ 574 കൊവിഡ് രോഗികൾ   ഒമാനിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.  ഇതിൽ 170 രോഗികൾ  തീവ്ര പരിചരണ  വിഭാഗത്തിലുമാണുള്ളത്.   22924  കൊവിഡ്  രോഗികളാണ്  ഇപ്പോൾ ഓമനിലുള്ളത്.