ജന്മദിന ആഘോഷം സാഹസികമാക്കാനായി റോഡിൽ തീയിട്ട് യുവാവ്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പിടികൂടി ദുബൈ പൊലീസ്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. 

ദുബൈ: പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി റോഡിൽ തീയിട്ട യുവാവ് ദുബൈയിൽ അറസ്റ്റിൽ. ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇയാള്‍ റോഡിൽ തീയിട്ടത്. യുവാവിന്‍റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

26-ാം ജന്മദിനത്തിൽ 26 എന്ന അക്കത്തിലാണ് യുവാവ് തീ പടർത്തിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് ഇത്തരത്തില്‍ സാഹസിക പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്ന് ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു.

പൊതു റോഡുകളെ അപകടകരമായ സ്റ്റണ്ടുകൾക്കുള്ള വേദിയാക്കുന്നത് ഗുരുതരവും അസ്വീകാര്യവുമായ പെരുമാറ്റമാണെന്നും ഇത് സമൂഹത്തിനും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ടീമുകൾ യുവാവിനെ തിരിച്ചറിഞ്ഞതും നടപടി സ്വീകരിച്ചതും. ഇയാളെ വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു.

നിയമലംഘനവും പിഴയും

ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമായി കണക്കാക്കുന്ന ഇത്തരം പ്രവൃത്തിക്ക് 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. തെറ്റായ പ്രശസ്തി നേടുന്നതിനായി പൊതു റോഡുകൾ ദുരുപയോഗം ചെയ്യുന്ന ആർക്കെതിരെയും ദുബൈ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം പെരുമാറ്റം സാമൂഹിക മൂല്യങ്ങളെ പ്രതിഫലിക്കുന്നില്ലെന്നും ദുബൈയിലെ റോഡുകൾ സുരക്ഷിതമായി നിലനിർത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ചില പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.