റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മുന്നുപേര്‍ മരിച്ചു. ഇതുവരെ 2,795 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു.

അതിനാല്‍ ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി. എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനം ചെറുക്കാനായി വിവിധ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവിനു പിന്നാലെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും രാത്രികാല കര്‍ഫ്യൂ സമയവും നീട്ടി. നാളെ മുതല്‍ വൈകുന്നേരം 3 മൂന്നു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.

റിയാദ്, തബൂക്ക്, ദമ്മാം, ദഹ്റാന്‍, ഹഫൂഫ്, ജിദ്ദ, തായിഫ്, ഖത്തീഫ്, അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂറാണ് കര്‍ഫ്യൂ. നേരത്തെ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആശുപത്രി, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ പുറത്തുപോകാന്‍ അനുവദിക്കും.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മൂന്നുപേരുകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 2795 ആണ്. ഇതില്‍ 615 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായി.