ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. വെള്ളിയാഴ്ച 477 പേരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ രോഗബാധിതരുടെ എണ്ണം 6302 ആയി. രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 37 പേരാണ് മരിച്ചത്. 93 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1188 ആയി. 

അതേസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് അറിയിച്ചിരുന്നു. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. 

കൊവിഡ് കാരണം കുടുബാംഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞു. കൊവിഡ് മരണം അവരുടെ കുടുംബത്തിലുണ്ടാക്കിയേക്കാവുന്ന ആഘാതം മറികടക്കാനാവണം. പ്രിയപ്പെട്ടവരെ നഷ്ടമായ വേദനയില്‍ നിന്ന് കരകയറാന്‍ പ്രാപ്തമാക്കുന്ന എല്ലാ സഹായവും എമിറേറ്റ്സ് റെഡ് ക്രസന്റ് അവര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.