മസ്കറ്റ്: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ്‌ മൊഹമ്മദ്‌ ഉബൈദ്‌ അൽ സൈദി. കൊവിഡ് 19 ബാധിച്ചവരിൽ 53% പേർക്കും രോഗ മുക്തി ലഭിച്ചതായും മന്ത്രി പറഞ്ഞു. ഒമാനിലെ മസ്‌ജിദുകളും മറ്റ് ആരാധനാലയങ്ങളും ഉടൻ തുറക്കാൻ പദ്ധതികളില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

മെയ് 24ന‌് രാജ്യത്ത് 7770 പേർക്ക് മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇന്ന് 32 ദിവസം പിന്നിട്ടപ്പോൾ രോഗബാധിതരുടെ എണ്ണം 34920 ആയി ഉയർന്നു. മരണസംഖ്യ 36ൽ നിന്നും 144ൽ എത്തി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ പതിനൊന്നാമത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

ഫെബ്രുവരി 24ന‌് ആയിരുന്നു ഒമാനിലെ  ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനകം രാജ്യത്തെ വിവിധ ആശുപത്രികളിൽ 1769 കൊവിഡ്  രോഗികൾക്ക് ചികിത്സ നൽകി കഴിഞ്ഞതായും ആരോഗ്യ മന്ത്രി പറഞ്ഞു. സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ഇനിയും പാലിച്ചില്ലെങ്കിൽ ചികിത്സ ആവശ്യമായി വരുന്നവരെ രാജ്യത്തെ ആശുപത്രികളിൽ  പ്രവേശിപ്പിക്കുവാൻ കഴിയാത്ത വിധം രോഗികളുടെ എണ്ണം വർധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒമാനിലെ മസ്‌ജിദുകളും മറ്റ് ആരാധനാലയങ്ങളും ഉടൻ തുറക്കുകയില്ലെന്നും ഹമരിയയിലും വാദികബീർ വ്യവസായ മേഖലകളിലും ഏർപ്പെടുത്തിയിരുന്ന ഐസോലേഷൻ നടപടികൾ ജൂൺ 27ഓടെ അവസാനിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമാനിലെ 34920 കൊവിഡ് രോഗ ബാധിതരിൽ 18520 പേർക്ക് രോഗ മുക്തി ലഭിച്ചതായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയിൽ 5085 പേർക്ക് കൂടി രോഗമുക്തി; 41 മരണം

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു