റിയാദ്: മക്കയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ  കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മദ്‌ ആണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം അറിവായിട്ടില്ല. ഇതിനിടയിൽ താമസസ്ഥലത്ത് വിശ്രമിക്കുമ്പോഴാണ് അന്ത്യം. 

തിങ്കളാഴ്ച നോമ്പ് തുറക്കാനുള്ള ഭക്ഷണവും മറ്റും മറ്റുള്ളവർ ഇദ്ദേഹത്തിന് മുറിയിൽ എത്തിച്ചുകൊടുത്തിരുന്നു. ശേഷം റിയാദിലുള്ള മകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതിരുന്നതിനാൽ മറ്റുള്ളവർ അന്വേഷിച്ചു ചെന്നപ്പോഴാണ് റൂമിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.