ദില്ലി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം. അടിയന്ത ചികിത്സ വേണ്ടവർ, കുടുംബത്തിൽ മരണവും മറ്റും കാരണം എത്തേണ്ടവർ എന്നിവർക്കും തൊഴിൽ, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയ്ക്കായി പോയി കുടുങ്ങിയവർക്കും കൂടുതല്‍ പരിഗണന നല്‍കും.

തിരിച്ചെത്തിയാല്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണമെന്നത് നിര്‍ബന്ധമാണ്. പ്രത്യക്ഷത്തില്‍ കൊവിഡ് വൈറസ് രോഗ ലക്ഷമില്ലാത്തവരെ മാത്രമേ തിരികെയെത്തിക്കുന്ന വിമാനത്തില്‍ കയറ്റൂ. എന്നാല്‍ മടങ്ങിയെത്താന്‍ കൊവിഡ് പരിശോധന വിദേശത്ത് നിര്‍ബന്ധമല്ലെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

അതേസമയം കേന്ദ്രസ‍ർക്കാർ നാട്ടിലേക്ക് മടക്കി കൊണ്ടു വരാനായി തെരഞ്ഞെടുത്തവർ നൽകേണ്ട വിമാനടിക്കറ്റ് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാനിരക്ക് ചുവടെ...

അബുദാബി- കൊച്ചി 15000
ദുബായ് - കോഴിക്കോട് 15000
ദോഹ - കൊച്ചി 16000
ബഹറൈൻ - കൊച്ചി 17000
കുവൈറ്റ് - കൊച്ചി 19000
മസ്കറ്റ് - കൊച്ചി 14000
ദോഹ - തിരുവനന്തപുരം 17000
ബഹറൈൻ - കോഴിക്കോട് 16000
കുവൈറ്റ് - കോഴിക്കോട് 19000

ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 2250 പ്രവാസികളാണ്. കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍. തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം ഞായറാഴ്ചയെത്തും. വ്യാഴാഴ്ച നാല് വിമാനങ്ങളിലായി 800 പ്രവാസികള്‍ നാട്ടിലെത്തും. ദുബായില്‍ നിന്ന് രണ്ട് വിമാനങ്ങളും സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതവുമാണ് എത്തുന്നത്. ദുബായില്‍ നിന്നുളള ഒരു സര്‍വ്വീസും ഖത്തറില്‍ നിന്നുളള സര്‍വ്വീസും കൊച്ചി വിമാനത്താവളത്തിലേക്കും, മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്.