ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ ആകെ 360 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 

ദുബായ്/ വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. വൈദികനും എട്ടുവയസുകാരനുമടക്കം മൂന്ന് മലയാളികളാണ് അമേരിക്കയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ​ഗീവർ​ഗീസ് പണിക്കർ (64) ഫിലാഡൽഫിയയിൽ മരിച്ചു. എട്ടുവയസുകാരൻ അദ്വൈതിന്റെ മരണം ന്യൂയോർക്കിൽ വെച്ചായിരുന്നു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസൽഖൈയിൽ വെച്ചായിരുന്നു മരണം.

ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ ആകെ 360 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,459 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേര്‍ കൂടി മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 176 ആയി. ഗള്‍ഫില്‍ ആകെ 64,316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം വിദഗ്ധ ഡോക്ടർമാർ, നഴ്സസുമാർ എന്നിവരുള്‍പ്പെടുന്ന 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം ഉടന്‍ യുഎഇയിലെത്തും.